മറ്റു ഭാഷാഗാനങ്ങൾ
ഉമ്മാപർവ്വം അഥവാ ദേവമാതൃസംഗീതം എന്ന കൃതി ഒരു യമകകാവ്യമാണു്. കേകവൃത്തത്തിൽ രചിക്കപ്പെട്ടതും അഞ്ഞൂറോളം ഈരടികൾ നിറഞ്ഞതുമായ പ്രസ്തുത കൃതിയിൽ അർത്ഥഭേദത്തോടുകൂടിയ ശബ്ദാവർത്തനം, മറ്റു പ്രാസങ്ങൾ മുതലായവയും ആപാദചൂഡം പ്രയോഗിച്ചിരിക്കുന്നു.
“പുഷ്ക്കരമുഖിയുടെ ആത്മാവു കണ്ണിൽക്കൂടി
പുഷ്ക്കരധാരയായി നീർഗ്ഗളിച്ചീടുംപോലെ.”
”ചോരനെന്നതുപോലെ മരിപ്പാൻ യാത്രയായി
ചോര നൽത്തിരുമേനി സർവ്വാംഗമൊലിക്കുന്നു.”
വലിയ വൈകല്യംകൂടാതെ ഇങ്ങനെ യമകം മുതലായ ശബ്ദാലങ്കാരങ്ങൾ കൂടി പ്രയോഗിക്കാൻ ശക്തനായ ഈ പാരദേശികനെ എത്ര പ്രശംസിച്ചാലും മതിയാകുന്നതല്ല. ക്രിസ്തുവിൻ്റെ അവതാരത്തെ വർണ്ണിക്കുന്നിടത്തും മറ്റും കവിയുടെ മനോധർമ്മം നല്ലപോലെ പ്രകടിതമായിട്ടുണ്ട്.”