പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

പുത്തൻപാനയിലാണു രചനാഭംഗി കൂടുതൽ ശോഭിക്കുന്നതു്. പർവ്വങ്ങൾ പൊതുവെ സംസ്കൃതപ്രചുരമാണു്. മലയാളം മാതൃഭാഷയല്ലാത്ത ഒരു കവിയുടെ കൃതിയിൽ ശയ്യാഗുണം വേണ്ടത്ര ചിലേടത്തു് ഇല്ലാതെവന്നിട്ടുണ്ടെങ്കിൽ അതു ക്ഷന്തവ്യം മാത്രമാണു്. എഴുത്തച്ഛൻകൃതികളുമായി അർണ്ണോസിനു ഗാഢപരിചയമുണ്ടായിരുന്നു. കിളിപ്പാട്ടുകളിലെ ചില ആശയങ്ങൾ പർവ്വങ്ങളിൽ കടന്നുകൂടിയിട്ടുള്ളത്. അതിനു നല്ല തെളിവാണു്.

”ഭാഷണത്തേക്കാൾ ശ്രേയസ്സാകുന്നതഭാഷണം.”
”കർമ്മത്തിനൊത്ത ഫലം നിയതംവരും നൂനം.” (നരകപർവ്വം)
ധാത്രിയിൽ വാഴുവാനല്പകാലത്തിന്നു
വസ്ത്രസമം വപുസ്സെടുത്തോനെ (മരണപർവ്വം)

എന്നിങ്ങനെയുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ,

“വ്യാഹൃതത്തെക്കാൾ ശ്രേയസ്സാകുന്നതവ്യാഹൃതം.”
“താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേ വരൂ.”

എന്നു തുടങ്ങിയ കിളിപ്പാട്ടുവരികൾ ആരും അനുസ്മരിച്ചുപോകും.