മറ്റു ഭാഷാഗാനങ്ങൾ
ചേകോട്ട് ആശാൻ: ക്രിസ്തീയ വേദചരിത്രത്തെ ആധാരമാക്കി കേരളഭാഷയിൽ ആദ്യമുണ്ടായ ചില പ്രധാനകൃതികൾ വൈദേശികനായ അർണ്ണോസു പാതിരിയുടേതാണെന്നു പറയാം . അർണ്ണോസിനുശേഷം ബൈബിൾകഥയെ പശ്ചാത്തലമാക്കി കാവ്യനിർമ്മാണത്തിനു പുറപ്പെട്ട കേരളീയ ക്രൈസ്തവരിൽ പ്രമുഖനായ ഒരു വ്യക്തിയാണ് ചേകോട്ട് ആശാൻ. കോഴഞ്ചേരിയിലുള്ള പേരങ്ങാട്ട് എന്ന ഭവനത്തിൽ കൊല്ലവർഷം 948-ലാണ് ആശാൻ ജനിച്ചതു്. സാക്ഷാൽ നാമധേയം ഇടിക്കുള എന്നായിരുന്നു. വടക്കൻ ദിക്കുകളിൽ സഞ്ചരിച്ച് അവിടെയുള്ള ഒരു പണ്ഡിതൻ്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തു വ്യുൽപത്തിനേടി. അനന്തരം ഇലന്തൂർ ചേകോട്ടുവീട്ടിൽ താമസിച്ചിരുന്ന പിതൃ സഹോദരൻ്റെ വീട്ടിൽ താമസമാക്കി; സമീപപ്രദേശങ്ങളിലുള്ള കുട്ടികളെ സംസ്കൃതം അഭ്യസിപ്പിക്കുവാൻ തുടങ്ങി. അക്കാലം മുതല്ക്കാണു് ഇടിക്കുളയ്ക്കു ചേകോട്ടാശാൻ എന്ന പേർ പ്രസിദ്ധമായിത്തീർന്നതു്. ആശാൻ്റെ ചരമം 1035-ലെന്നു കേരളസാഹിത്യചരിത്രത്തിൽ ഉളളൂർ പ്രസ്താവിക്കുന്നു. ആശാനെപ്പററി അടുത്തകാലത്തു കൂടുതൽ അന്വേഷണങ്ങൾ നടത്തിയ സാമുവൽ ചന്ദനപ്പള്ളിയാകട്ടെ, ‘ചേകോട്ടാശാൻ്റെ പദ്യ കൃതികൾ’ എന്ന ഒരു ലേഖനത്തിൽ ആ ധന്യജീവിതം 1032-ൽ അവസാനിച്ചുവെന്നു കുറിച്ചു കാണുന്നു.
ആശാൻ്റെ കൃതികളായി രണ്ടെണ്ണമേ നമുക്കു ലഭിച്ചുകഴിഞ്ഞിട്ടുള്ളൂ: ഇസ്രായേൽ ഉത്ഭവം അഥവാ ജോസഫ്‌ചരിതം തുള്ളൽപ്പാട്ടും, അത്ഭുതമാലിക കൈകൊട്ടിപ്പാട്ടും. ബൈബിൾ പഴയനിയമത്തിലെ പ്രസിദ്ധനായ ജോസഫിൻ്റെ സംഭവബഹുലമായ കഥയാണു് തുള്ളലിലെ പ്രമേയം. നമ്പ്യാരെ ആശാൻ പല പ്രകാരത്തിലും അനുകരിക്കുന്നുണ്ട്. ജോസഫിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ പുറപ്പെടുന്ന ഈജിപ്തിലെ ഘോഷയാത്രയിൽ ആരെല്ലാം ഉൾപ്പെട്ടിരിക്കുന്നുവെന്നു നോക്കുക: