മറ്റു ഭാഷാഗാനങ്ങൾ
ചാണ്ടിമാപ്പിള: ക്രൈവസ്തവരുടെ ഇടയിൽ വളരെ പ്രസിദ്ധമായിട്ടുള്ള ചില കീർത്തനങ്ങളുടെ കർത്താവാണു ചാണ്ടിമാപ്പിള. ‘ഇദ്ദേഹം 17-ാം ശതാബ്ദത്തിൻ്റെ ഉത്തരാർദ്ധത്തിലോ, അതിനോടടുത്ത കാലത്തോ കോട്ടയത്തു മളളൂശ്ശേരിയെന്ന കുടുംബത്തിലാണു. ജാതനായതെന്നല്ലാതെ കൂടുതൽ വിവരമൊന്നും അറിഞ്ഞുകൂടാ’ എന്നു് ഡോ. പി. ജെ. തോമസ് പ്രസ്താവിച്ചുകാണുന്നു. അമ്മയായ രാജകന്നി എന്ന കീർത്തനത്തിലെ ഏതാനും വരികൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
അമ്മയായ രാജകന്നി നിൻപദങ്ങൾ മാനസേ
നന്മയോടു തോന്നണം തെളിഞ്ഞെനിക്കു സന്തതം
തിന്മയൊക്കെയും വെടിഞ്ഞു നന്മയോടു ചേരുവാൻ
നിർമ്മലപദാംബുജേ നമോസ്തു രാജകന്യകേ!
ആദിനാഥനോടു നീയുണർത്തുകെൻ്റെ സങ്കടം
ചേതസാഗ്രഹിച്ചു നിത്യരക്ഷ ചെയ്തുകൊള്ളുവാൻ
ബോധഹീനനായ ഞാൻ പിഴച്ചതൊക്കെയും തിരു-
മാനസേ പൊറുത്തുകൊൾ നമോസ്തു രാജകന്യകേ!
‘കാവ്യം സുഗേയം’ എന്നു വള്ളത്തോൾ കുറിച്ചിട്ടുള്ളതു് ചാണ്ടിമാപ്പിളയുടെ കൃതികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അന്വർത്ഥമായി തോന്നുന്നു.