പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

ജോസഫ് ഫെൻ: 1785-ാമണ്ടിടയ്ക്കു ജനിച്ച മലബാർകാരനായ ചെറുശ്ശേരി ചാത്തുനായർ എന്നൊരു കവി ക്രിസ്തുമതം സ്വീകരിച്ചു ജോസഫ് ഫെൻ എന്ന പേർ സ്വീകരിച്ചു. ചാത്തുനായർ കോട്ടയത്തു കാര്യക്കാരായിരുന്ന കാലത്ത് 1816-ൽ ജോൺ ബെയിലി, 1818-ൽ ജോസഫ് ഫെൻ എന്നീ സി. എം. എസ്. മിഷനറിമാർ കോട്ടയത്തു വന്നുചേർന്നു. അധികം താമസിയാതെ ബെയിലി വേദപുസ്തകപരിഭാഷയിൽ ഏർപ്പെട്ടു. അക്കാലത്തു് അദ്ദേഹത്തെ സഹായിച്ചിരുന്ന പണ്ഡിതന്മാരിൽ ഒരുവനായിരുന്നു ചാത്തുനായർ. മിഷനറിമാരും വേദപുസ്തകവുമായുള്ള ബന്ധം ചാത്തുനായരെ ഒരു ക്രിസ്തുമതാരാധകനാക്കിത്തീർത്തു. അചിരേണ അദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുകയും തനിക്കു വളരെയേറെ ബഹുമാനാദരങ്ങൾ തോന്നിയിരുന്ന മിഷനറിയായ ജോസഫ് ഫെന്നിൻ്റെ പേർ കൈക്കൊള്ളുകയും ചെയ്തു. പിന്നീട് ജോസഫ് ഫെൻ ഒരു മുൻസിപ്പായി ഉയർന്നു. പ്രസ്തുത ജോലിയിൽ ഇരിക്കേ കൊച്ചിയിൽവെച്ച് 1835-ൽ അദ്ദേഹം നിര്യാതനായി.

അജ്ഞാനകഠാരം എന്ന ഭാഷാഗാനമാണ് ഫെന്നിൻ്റെ പ്രധാനകൃതി. ദ്രാവിഡവൃത്തങ്ങളിലാണു് ദീർഘമായ പ്രസ്തുത കാവ്യം നർമ്മിച്ചിട്ടുള്ളത്. രീതി വളരെ ലളിതവുമാണു്. ഹിന്ദുമതത്തിലെ പല അനാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും വളരെ കർക്കശമായ രീതിയിൽ അതിൽ അപലപിച്ചിരിക്കുന്നു. ഒരു
ഭാഗം നോക്കുക:

മൂശാരി തീർത്ത തിടമ്പമ്പലംതന്നിൽ
ഘോഷിച്ചുവെച്ചു പൂജിക്കുന്നതുനേരം
ദോഷമുണ്ടാം വിപ്രനെന്നിയേ തൊട്ടീടിൽ
ദോഷമില്ലായതുടഞ്ഞിതെന്നാകിലോ
മൂശാരി തൊട്ടു കറകൾ തീർത്തീടുന്നു.
മുശയ്ക്കകത്തിട്ടു വാർപ്പതവനല്ലോ.