മറ്റു ഭാഷാഗാനങ്ങൾ
ഇങ്ങനെ ഹിന്ദുമതത്തിലെ അനാചാരങ്ങളോടുള്ള എതിപ്പും, അവയെ സമുദായ ത്തിൽനിന്നു നീക്കം ചെയ്യുവാനുള്ള ആവേശവും ജനങ്ങളിൽ ഉണ്ടാക്കിത്തീർക്കുവാൻ ഈ കൃതി കുറെയൊക്കെ സഹായകമായിത്തീർന്നിരിക്കണം. ഡോക്ടർ പി. ജെ. തോമസ് പ്രസ്താവിച്ചിട്ടുള്ളതു പോലെ കുമാരനാശാൻ്റെ ദുരവസ്ഥയുടേയും ചണ്ഡാലഭിക്ഷുകിയുടേയും മുന്നോടിയായി ഈ കൃതിയെ കണക്കാക്കുന്നതിൽ അധികം തെറ്റില്ലെന്നു തോന്നുന്നു. സന്ദർഭോചിതമായ തത്ത്വോപദേശങ്ങളും ഇതിൽ പല ഭാഗങ്ങളിലും കാണാം.
ചാക്കോമാപ്പിള: 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു നല്ല ക്രൈസ്തവ കവിയെന്നല്ലാതെ ചാക്കോമാപ്പിളയെപ്പറ്റി കൂടുതൽ വിവരമൊന്നും ലഭിച്ചിട്ടില്ല. കോതമംഗലമായിരിക്കാം അദ്ദേഹത്തിൻ്റെ സ്വദേശമെന്നു ചിലർ ഊഹിക്കുന്നു. മാർ അല്ലേശുപാന, അല്ലേശുനാടകം തുടങ്ങിയ കൃതികൾ അദ്ദേഹമെഴുതിയിട്ടുള്ളവയാണു്. ചെറിയ തൊബിയാസിൻ്റെ പാട്ടും ഈ കവിയുടേതായിരിക്കാമെന്നു് ഡോ. പി. ജെ. തോമസ് ഒരഭിപ്രായം പുറപ്പെടുവിച്ചിട്ടുണ്ട്. ഏതായാലും പ്രസ്തുത കൃതികളിലെ പല ഗാനങ്ങളും അരനൂററാണ്ടുമുമ്പുവരെ കേരളീയ ക്രിസ്ത്യാനികളുടെ ഇടയിൽ വളരെ പ്രചാരത്തിൽ ഇരുന്നവയാണു്. അല്ലേശുപാന വിഭിന്ന വൃത്തങ്ങളിൽ വിരചിതമായ നാലു പാദങ്ങളോടുകൂടിയ ഒരു കൃതിയത്രെ.
ധനപതിതന്നുടെ പുത്രൻ തൻ്റെ
കല്യാണത്തെക്കാണേണ്ടായോ?
ആനകൾ കുതിരകൾ പല്ലക്കുകളും
ചന്തം ചിന്തിന തണ്ടുകളെന്നിവ
പദവികളേറിന പൗരജനങ്ങൾ….
മിത്രന്മാരും സഖികളുമായി-
പ്പുരുഷശിഖാമണിയല്ലേശിനെയും
നളിനവിലോചന കന്യകയേയും
കേവലമങ്ങിത ചമയിക്കുന്നു
അഞ്ചിതകാന്തി കലർന്നെരിയുന്നൊരു
കഞ്ചുകമന്നിരുവർക്കുമണിഞ്ഞു.
ഇതുപോലെ മനോഹരമാണ് മറ്റു വർണ്ണനകളും.