മറ്റു ഭാഷാഗാനങ്ങൾ
ചാവറ കുര്യാക്കോസച്ചൻ: കേരളീയ കർമ്മലീത്താ സന്യാസസഭയിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നു കൈനകരി സ്വദേശിയായ കുര്യാക്കോസ് ഏലിയാസച്ചൻ. 1805-ലാണു് അദ്ദേഹം ജനിച്ചത്. മാന്നാനത്ത് ഇന്നു കാണുന്ന പ്രസ്സിൻ്റെ ആരംഭകൻ കുര്യാക്കോസച്ചനായിരുന്നു. കൂനമ്മാവ് സന്യാസാശ്രമത്തിൽ പ്രിയോരായിരിക്കെ 1871-ൽ അദ്ദേഹം ദിവംഗതനായി. ഗദ്യപദ്യങ്ങളായി ഒട്ടുവളരെ കൃതികൾ എഴുതിയിട്ടുണ്ട്. പദ്യകൃതികളിൽ ‘ആത്മാനുതാപ’മാണു് മുഖ്യമായതു്. പ്രസ്തുത കൃതി 1871-ൽ കൂനമ്മാവ് അച്ചുക്കൂടത്തിൽ അച്ചടിക്കയുമുണ്ടായി. ആത്മനിഷ്ഠമായ ഒരു കൃതിയാണതെന്നു പറയാം. പാപിയായ ഒരു മനുഷ്യൻ്റെ പശ്ചാത്താപമാണ് ഇതിൽ വിവരിക്കുന്നത്.
“ഭൂമിയുമതിൻമീതെ കാണുന്ന സമസ്തവും
ഭേദംകൂടാതെ മാറി നീങ്ങുന്നു ക്ഷണേ ക്ഷണേ
ഇന്നു കാണുന്ന പച്ചപ്പുല്ലതു നാളെത്തന്നെ
മന്ദിച്ചു വരളുന്നു വാടുന്നു സൂര്യോഷ്ണത്താൽ…”
“കാരുണ്യനാഥനാം ദൈവകുമാരൻ്റെ
ആരുണ്യശോഭയെക്കാണാകണം
കാരുണ്യവാരിധിയായതാൻ മാനുഷ
കാരണൻ പാപാദി നീക്കാനായ്
മാനുഷനീചവേഷത്തെ ധരിച്ചൊരു
മാനുഷത്രാതാവെക്കാണാകണം” (മൂന്നാംപതം)
ഇങ്ങനെയുള്ള കീർത്തനങ്ങളും ചില ഭാഗത്തു കാണാം. മരണപർവം തുടങ്ങിയവയാണ് മറ്റു കൃതികൾ.