മറ്റു ഭാഷാഗാനങ്ങൾ
വള്ളത്തോളിൻ്റെ കവിതയനുസരിച്ചു ഭാഷാകർണ്ണാമൃതം രചിച്ചിരുന്ന കാലത്താണു മേൽപ്പറഞ്ഞ സംഭവം നടന്നതെന്നു കാണുന്നു. ഉള്ളൂരാകട്ടെ, സന്താനഗോപാലം എഴുതുന്നകാലത്താണ് അതു നടന്നിട്ടുള്ളതെന്നും അഭിപ്രായപ്പെടുന്നു. കർണ്ണാമൃതത്തിലെ,
തന്നാമ കീർത്തനമെണ്ണിയെണ്ണി-
തൊണ്ണൂറടുത്തൂ പരിവത്സരം മേ
എന്ന ശ്ലോകത്തിൽനിന്നു വ്യക്തമാകുന്നതുപോലെ, തൊണ്ണൂറിലെത്തി പടുവൃദ്ധനായ്ക്കഴിഞ്ഞ ഒരു കവി ഇല്ലം വിട്ടിറങ്ങി ഭട്ടതിരിയുടെ പിന്നാലെ കൂടാനും മററും പ്രാപ്തനായിരിക്കയില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അതിനാൽ സന്താനഗോപാലം എഴുതിയ കാലത്തായിരിക്കാം അതിലെ പിഴകൾ തീർക്കാൻ പട്ടേരിയോട് അപേക്ഷിച്ചതെന്നു കരുതുകയാണുത്തമം. ഏതായാലും പൂന്താനം തൊണ്ണൂറിൽപരം വയസ്സുവരെ ജീവിച്ചിരുന്നുവെന്നു് അനുമാനിക്കുന്നതിൽ തെററില്ല.
കൃതികൾ: കുമാരാഹരണം പാന, ജ്ഞാനപ്പാന, ഭാഷാകർണ്ണാമൃതം ഇവ മൂന്നുമാണു് പൂന്താനത്തിൻ്റെ ഭാഷാകൃതികളിൽ മുഖ്യമായതു്. ഇവയ്ക്കുപുറമെ ഭക്തിസംവർദ്ധകങ്ങളായ ഒട്ടുവളരെ സ്തോത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഓരോന്നിനെപ്പറ്റിയും വളരെ സംക്ഷിപ്തമായി പ്രതിപാദിക്കാം.