പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

തകിടിയേൽ മാത്തൻ ഇട്ടിയവിരാ: കോട്ടയം സ്വദേശിയായ തകിടിയേൽ മാത്തൻ്റെ ഏകപുത്രനായിരുന്നു ഇട്ടിയവിരാ. 1815 മുതൽ 1879 വരെയുള്ള കാലയളവിലാണ് കവി ജീവിച്ചിരുന്നതു്. ബൈബിൾകഥകളെ ആസ്പദമാക്കി അനേകം കൃതികൾ എഴുതിയിട്ടുണ്ട്. ചില പള്ളികളെ സംബന്ധിച്ച പാട്ടുകളും നിർമ്മിച്ചിട്ടുണ്ട്. ഇട്ടിയവിരായുടെ കൃതികളിൽ മുഖ്യമായവ വിസ്മയസ്വയംബരം, സ്ക്കറിയാസുതോദന്തം ഓടനൃത്തം, പാസനൃത്തം, ഉദയകീർത്തനം എന്നിവയാണു്.

വിസ്മയസ്വയംബരം തുള്ളൽരീതിയിൽ എഴുതിയിട്ടുള്ള ഒരു കൃതിയാണ്. സാമാന്യം ദീർഘമായ ഈ കൃതിയിൽ ക്രിസ്തുമാതാവായ കന്യകമറിയത്തെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് വർണ്ണിക്കുന്നതു്.

കർമലഗിരിയുടെ മുകളിൽ കണ്ടൊരു
കാർമേഘത്തിലുദിച്ച സ്വരൂപി
കർമെലമാതാവാകിയ നിന്തിരു –
നിർമ്മല ഭർത്താവിളകൊണ്ടിങ്ങു
തിരുമാന്നാനം ദയറാപാലൻ
മാർ യൗസേപ്പിനെ വന്ദനചെയ്തെൻ.

ഇങ്ങനെയാണ് കാവ്യാരംഭം.