പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ: കോട്ടയത്തിനടുത്തുള്ള വേളൂർ എന്ന സ്ഥലമാണു് കവിയുടെ ജന്മഭൂമി. പിതാവു നല്ലൊരു പണ്ഡിതനായിരുന്നതുകൊണ്ടു സംസ്കൃതപഠനം എളുപ്പമായിത്തീർന്നു. ജീവിതത്തിൽ അധികഭാഗവും തിരുവനന്തപുരം നക്ഷത്രബംഗ്ലാവിൽ റൈട്ടരായിട്ടാണു് കഴിച്ചത്. അക്കാലത്തു തന്നെയാണു് കൃതികളിൽ അധികഭാഗവും എഴുതിയതു്. ക്രൈസ്തവവേദചരിതം മുപ്പത്തിനാലുവൃത്തം, സുഭാഷിതം കിളിപ്പാട്ട്, അനുതാപകീർത്തനങ്ങൾ, സങ്കീർത്തനങ്ങൾ, അനേകം ക്രൈസ്തവഗീതങ്ങൾ എന്നിങ്ങനെ ഒട്ടുവളരെ കൃതികൾ റൈട്ടർ നിർമ്മിച്ചിട്ടുള്ളതായി ഡോ. പി. ജെ തോമസ് പ്രസ്താവിച്ചുകാണുന്നു * (മലയാളഭാഷയും ക്രിസ്ത്യാനികളും, പേജ് 248)

മേല്പറഞ്ഞ കൃതികളിൽ ആദ്യത്തേത്, കവിയുടെ സതീർത്ഥ്യനായിരുന്ന പാലക്കുന്നത്ത് മാത്യൂസ് മാർ അത്തനാസ്യോസിൻ്റെ നിർദ്ദേശാനുസരണം രചിച്ചിട്ടുള്ളതാണെന്നു കാണുന്നു. 1835-നോടടുത്തായിരുന്നു നിർമ്മാണം. രാമായണം ഇരുപത്തിനാലുവൃത്തം, ഭാരതം മുപ്പത്തിനാലുവൃത്തം എന്നീ പ്രസിദ്ധകൃതികളെ അനുകരിച്ചാണ് ക്രൈസ്തവവേദചരിതം മുപ്പത്തിനാലുവൃത്തം കവി എഴുതിയിട്ടുള്ളത്. എങ്കിലും ഇരുപത്തിനാലുവൃത്തത്തെയാണു് കൂടുതൽ അനുകരിച്ചു കാണുന്നത്. കാവ്യം പൂർണ്ണമാക്കുവാൻ കവിക്കു സാധിച്ചിട്ടില്ല. ലോകസൃഷ്ടി മുതൽ മൂശയുടെ മരണം വരെയുള്ള പഴയ നിയമഭാഗം പതിനെട്ടു വൃത്തങ്ങളിൽ വിരചിക്കുവാൻ മാത്രമേ കവിക്കു സാധിച്ചുള്ളള്ളു. അതിനിടയിൽ മരണദേവത അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവുകയായി. ക്രൈസ്തവവേദചരിതം നല്ലൊരു മണിപ്രവാളകൃതിയാണു്. പ്രസ്തുത കാവ്യം കോട്ടയം വിദ്യാർത്ഥിമിത്രം ബുക്കു ഡിപ്പോ പ്രവർത്തകർ 1955 ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വസ്തുതകൂടി ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.