മറ്റു ഭാഷാഗാനങ്ങൾ
കുമാരാഹരണം പാന: സന്താനഗോപാലം പാന എന്ന പേരിലാണു ഇതു കൂടുതൽ പ്രസിദ്ധമായിത്തീർന്നിട്ടുള്ളത്. അഗ്നിഹോത്രി എന്ന ബ്രാഹ്മണൻ്റെ പത്താമത്തെ പുത്രനെ രക്ഷിച്ചുകൊടുക്കാമെന്നു് അർജ്ജുനൻ ഭരമേല്ക്കുന്നതും, അതിനു കഴിയാതെവന്നപ്പോൾ ശപഥമനുസരിച്ച് അർജ്ജുനൻ അഗ്നിയിൽ ചാടാൻ തുടങ്ങുന്നതും, ആ സാഹസത്തിൽനിന്നു കൃഷ്ണൻ പാർത്ഥനെ തടുത്തു ബ്രാഹ്മണപുത്രനെ അന്വേഷിച്ചു പുറപ്പെടുന്നതും, ഒടുവിൽ വൈകുണ്ഠത്തിൽവെച്ചു ബ്രാഹ്മണകുമാരന്മാരെയെല്ലാം കാണുന്നതും, വിഷ്ണുപ്രസാദത്തോടെ വിപ്രസന്താനങ്ങളെ അവിടെനിന്നു കൊണ്ടുവന്നു് അഗ്നിഹോത്രിക്കു നല്കുന്നതുമായ കഥയാണു് സന്താനഗോപാലത്തിൽ അടങ്ങിയിട്ടുള്ളത്. പ്രസ്തുത കൃതി പൂന്താനത്തിൻ്റെ കൃതികളിൽ പ്രമുഖസ്ഥാനമർഹിക്കുന്നു. ബ്രാഹ്മണൻ്റെ അർജ്ജുനനിന്ദ, അജ്ജുനൻ്റെ അഗ്നിപ്രവേശന സംരംഭം, വൈകുണ്ഠ ദർശനം മുതലായ ഭാഗങ്ങൾ അതീവ ആസ്വാദ്യങ്ങളെന്നേ പറയാവൂ. താപവും കോപവും പൂണ്ട വിപ്രൻ, ”കമ്പുതട്ടുമിളമുള പോലെയഞ്ചെട്ടു പൊട്ടിക്കരഞ്ഞി”ട്ടു് അർജ്ജുനനോടു പറയുന്നതു നോക്കുക:
ആനപോലെ മദിച്ചു പറഞ്ഞു നീ – നാണംകെട്ടതു നേരെന്നു കല്പിച്ചു
മാനിച്ചിങ്ങു സന്തോഷിച്ചിരുന്നൊരു – ഞാനത്രേ നല്ക ഭോഷനാകുന്നതും
കുരച്ചീടുന്ന പട്ടിയൊരുനാളും – കടിച്ചീടുകയില്ലെന്നറിക നീ
ദുഷ്ടനിഗ്രഹം ചെയ്‌വതിനായ്‌വന്നു – പൃത്ഥ്വിതന്നിൽപ്പിറന്ന ഭഗവാൻ്റെ
വീര്യങ്ങളെല്ലാം വീരനാമെന്നുടെ – വീര്യമെന്നു നിനയ്‌ക്കൊല്ല ഭോഷ നീ
ഉത്തരം ചുമന്നീടുന്ന ഗൗളിയാൽ – സാദ്ധ്യമെന്തതു ഭാവിക്കയെന്നിയേ.
ഇങ്ങനെ പോകുന്നു ആ ഭാഗം. കവിയുടെ പരിഹാസം മർമ്മഭേദകംതന്നെ. ഇതിലെ വൈകുണ്ഠവർണ്ണനയും മറ്റും അനുഭവൈകവേദ്യമെന്നേ പറയേണ്ടൂ.