പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

ജ്ഞാനപ്പാന: ഇതിൻ്റെ ഉൽപത്തികഥ പ്രസിദ്ധമാണല്ലോ. ഐഹിക സുഖത്തിൽ ഭ്രമിക്കുന്ന ജീവിതത്തിൻ്റെ ഗതികേടുകളേയും, ഹരിനാമോച്ചാരണത്തിൻ്റെ ഭവ്യതയേയും ഈ ലഘുകാവ്യത്തിൽ പ്രതിപാദിക്കുന്നു.

ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇന്നി നാളേയുമെന്തെന്നറിഞ്ഞീല,
ഇന്നിക്കണ്ട തടിക്കു വിനാശവും
ഇന്നനേരമെന്നേതുമറിഞ്ഞീല
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടുനാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നൻ്റെ
തോളിൽ മാറാപ്പു കേററുന്നതും ഭവാൻ.
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നശിക്കുന്നിതു ചിലർ
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും.

ഇതുപോലെ അനുഭവപരങ്ങളും ചിന്താസുന്ദരങ്ങളുമാണു് അതിലെ വരികൾ മുഴുവൻതന്നെ.