മറ്റു ഭാഷാഗാനങ്ങൾ
സ്തോത്രങ്ങൾ: പൂന്താനത്തിൻ്റെ മണിപ്രവാളസ്തോത്രങ്ങൾ, ഭാഷാ കൃഷ്ണ കർണ്ണാമൃതം എന്നീ കൃതികളെപ്പറ്റി അഞ്ചാമദ്ധ്യായത്തിൽ പരാമർശിച്ചിട്ടുണ്ടല്ലോ. ഈ ഭക്തകവി ഒട്ടുവളരെ ഭാഷാകീർത്തനങ്ങളും നിർമ്മിച്ചിട്ടുണ്ട്.
അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ;
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ;
ഉണ്ണിക്കുപേരുണ്ണിക്കൃഷ്ണനെന്നങ്ങനെ;
ഉണ്ണിവയറ്റത്തു ചേറുമുണ്ടങ്ങനെ
എന്നു തുടങ്ങുന്ന ആനന്ദനൃത്തഗീതവും,
ദുഃഖമൊടുക്കുന്ന തമ്പുരാനേ, കൃഷ്ണ! തൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ
ദുഃഖമെടുത്തതിനെന്തേ മൂലം, കൃഷ്ണാ! ദുഃഖമെടുത്തതു ജന്മമൂലം
ജന്മമെടുത്തതിനെന്തേ മൂലം, കൃഷ്ണ! ജന്മമെടുത്തതു കർമ്മമൂലം
കർമ്മമെടുത്തതിനെന്തേ മൂലം, കൃഷ്ണ! കർമ്മമെടുത്തതു രാമൂഗലം.
……………………………………………………………………………………………………………………
വാമഗേഹാധിപ വാസുദേവ കൃഷ്ണ! ബാലഗോപാലക പാലയമാം
എന്നിങ്ങനെയുള്ള മൂലതത്ത്വസ്തവവും മറ്റും പുളകോൽഗമകാരിവചഃപ്രസരങ്ങളെന്നുമാത്രം പറയുവാനേ തരമുള്ളൂ. പുന്താനം സംസ്കൃതത്തിലും ചില കീർത്തനങ്ങൾ രചിക്കാതിരുന്നിട്ടില്ല.
കഞ്ജവിലോചന! കമനീയാനന! കന്മഷനാശന! ശൗരേ!
കാളിയമഥന കളായമനോഹര കലിമലനിരസന ശൗരേ!
കിങ്കിണിനൂപുരകങ്കണഭൂഷണ രിംഖണശീല മുരാരേ!
……………………………………………………………………………………………..
മാധവ മാധവ മദനമനോഹര വാമപുരേശ്വര ശൗരേ!
ഇത്യാദി ഗാനങ്ങൾ സംസ്കൃതങ്ങളെങ്കിലും അവയിലെ കോമളപദങ്ങളുടെ മനോഹരമായ ഘടന ഒന്നുതന്നെ, നമ്മുടെ കാതും കരളും ഒരേസമയത്ത് ആവർജ്ജിക്കുവാൻ പോരുന്നതത്രേ.