മറ്റു ഭാഷാഗാനങ്ങൾ
അർണ്ണോസുപാതിരി: ശരിയായ പേര് ജോൺ എർണസ്തസ് * ( John Ernestus എന്നത് ഒരു ജർമ്മൻ നാമമാണെന്നും അദ്ദേഹത്തിൻ്റെ ജന്മഭൂമി പശ്ചിമജർമ്മനിയിൽ ഓസ്റ്റബ്രൂക്കിനു സമീപമുള്ള ഓസ്റ്റൻ കപ്പുലിൻ എന്ന ദേശമാണെന്നും ജസ്വീററ് ഇൻ മലബാർ എന്ന ഗ്രന്ഥത്തിൻ്റെ കർത്താവായ ഫെറോളി പ്രസ്താവിച്ചു കാണുന്നു.) എന്നാണു്. ഹംഗറിദേശക്കാരനായ അർണ്ണോസുപാതിരി 1699-ൽ കേരളത്തിൽ വരികയും, മദ്ധ്യകേരളത്തിൽ അന്നുണ്ടായിരുന്ന പണ്ഡിതന്മാരായ ചില നമ്പൂതിരിമാരിൽനിന്നു സംസ്കൃതഗ്രന്ഥങ്ങൾ പലതും അഭ്യസിക്കയും ചെയ്തു. അനന്തരം അദ്ദേഹം നമ്മുടെ മാതൃഭാഷയും അഭ്യസിച്ച് അതിൽ അനേകം കൃതികൾ നിർമ്മിക്കയുമുണ്ടായി. 1732-ൽ പഴയൂർ പള്ളിയിൽവെച്ചു കാലധർമ്മം പ്രാപിക്കയും ചെയ്തു. ഒരു വിദേശമിഷനറി, നമ്മുടെ മാതൃഭാഷയിൽ പദ്യകൃതികൾ നിർമ്മിച്ചു എന്നു. കേൾക്കുമ്പോൾ നാം അത്ഭുതപ്പെടേണ്ടതായിട്ടില്ല. ലീലാതിലകമെന്ന മണിപ്രവാള ഭാഷാവ്യാകരണ ഗ്രന്ഥത്തിനുശേഷം മലയാള ഭാഷയ്ക്ക് ആവശ്യമായ ചില വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളും രചിച്ചിട്ടുള്ളതുകൂടി വിദേശീയരത്രേ. ഈ പരിതഃസ്ഥിതികൾ ആലോചിക്കുമ്പോഴാണ് അവർ നമ്മുടെ കൃതജ്ഞതാദരങ്ങളെ എത്രമാത്രം അർഹിക്കുന്നു എന്ന വസ്തുത വ്യക്തമാകുന്നത്.
കൃതികൾ: പുത്തൻപാന, പഞ്ചപർവ്വങ്ങൾ എന്നു പ്രസിദ്ധമായ മരണപർവ്വം, വിധിപർവ്വം, നരകപർവ്വം, മോക്ഷപർവ്വം, ഉമ്മാപർവം അഥവാ ദേവമാതൃചരിതം എന്നിവയാണു് പാതിരിയുടെ പ്രധാനകൃതികൾ. പുത്തൻപാനയിൽ, ക്രിസ്തുവിൻ്റെ ജീവചരിത്രവും, കുരിശിൽ തറച്ചുകിടക്കുമ്പോൾ സ്വപുത്രനെ നോക്കിക്കാണുന്ന കന്യകാമറിയത്തിൻ്റെ ‘നിർമ്മലദുഃഖവുമാണു പ്രതിപാദിക്കപ്പെട്ടിരിക്കുന്നതു്. പർവ്വങ്ങളിൽ ആദ്യത്തെ നാലു കൃതികളിൽ ക്രിസ്തുമതപ്രകാരം മനുഷ്യൻ്റെ അവസാനമായിട്ടുള്ള നാലവസ്ഥകളെ –അതായതു് മരണം, വിധി, നരകം, മോക്ഷം എന്ന നാലുപാധികളെ – ആസ്പദമാക്കിയുള്ള വർണ്ണനകളാണു്. കന്യകാമറിയത്തിൻ്റെ ചരിത്രസംക്ഷേപമാണ് ഉമ്മാപർവ്വത്തിലെ പ്രതിപാദ്യം.