പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

അർണ്ണോസുപാതിരിയുടെ വകയായി പ്രസിദ്ധപ്പെടുത്തിക്കാണുന്ന കൃതികളിൽ പ്രയോഗസ്ഖാലിത്യം, ഛന്ദോഭംഗം, വിസന്ധി മുതലായ ചില ദോഷങ്ങൾ കാണുന്നുണ്ട്. എന്നാൽ അവയിൽ പലതും സാഹിത്യഗന്ധമില്ലാത്ത പകർപ്പെഴുത്തുകാരുടേയോ, അച്ചുക്കൂടക്കാരുടെയോ അശ്രദ്ധയുടേയും അജ്ഞതയുടേയും ഫലമായി ഉത്ഭവിച്ചതായിരിക്കണമെന്നു തോന്നുന്നു. അർണ്ണോസിൻ്റെ കൃതികൾ അദ്ദേഹത്തിൻ്റെ മരണാനന്തരം ഒന്നരനൂറ്റാണ്ടു കഴിഞ്ഞു മാത്രമാണു് അച്ചടിച്ചിട്ടുള്ളതു്. ആദ്യം പുളിങ്കുന്നിൽ കുര്യൻ കുരുവിള പ്രസിദ്ധപ്പെടുത്തി. പിന്നീട് ചില തിരുത്തലുകളോടുകൂടി 1878-ൽ കൂനമ്മാവിൽ അച്ചടിച്ചു. പിന്നീട് അവ എറണാകുളം ഐ എസ്. പ്രസ്സിൽനിന്ന് 1906-ൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇതിനെത്തുടർന്നു് വ്യാപാരികളായ പല അച്ചുക്കൂടക്കാരും അവയുടെ അനേകം പതിപ്പുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അവയിലെ തെറ്റുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുവാൻ ആരും ശ്രമിച്ചിട്ടുമില്ല. ഉമ്മാപർവ്വത്തിൻ്റെ അവസാനത്തിലുള്ള ചില വരികൾ പ്രക്ഷിപ്തങ്ങളാണെന്നു തോന്നുന്നു. പാതിരിയുടെ കൈയെഴുത്തുപ്രതിയിലെ ആ ഭാഗം നഷ്ടപ്പെട്ടപ്പോൾ പിൽക്കാലത്തെ പകർപ്പെഴുത്തുകാരിൽ ആരെങ്കിലും കൂട്ടിച്ചേർത്തതായിരിക്കണം. പൂർവ്വഭാഗങ്ങളിൽ കാണുന്ന ത്ര്യക്ഷരപ്രാസമാകട്ടെ, കവിതാഗുണമാകട്ടെ, അവസാനത്തിൽ ഇല്ലെന്നുള്ളതുതന്നെ, അതു പാതിരിയുടെ കൃതിയല്ലെന്നുള്ളതിനു് ഒന്നാന്തരം തെളിവാണു്. പാതിരിയുടെ കൃതികളിൽ ഇന്നു കാണുന്ന വൈകല്യങ്ങൾ അധികമെണ്ണവും അദ്ദേഹത്തെ ബാധിക്കുന്നവയല്ലെന്നാണ് എനിക്കു തോന്നുന്നതു്. അർണ്ണോസുപാതിരിയെപ്പോലെയുള്ള ഒരു തികഞ്ഞ പണ്ഡിതനിൽനിന്നു മുമ്പറഞ്ഞ സ്ഖാലിത്യാദി ദോഷങ്ങൾ സംഭവിച്ചുവെന്നു വിശ്വസിക്കാവുന്നതല്ല. ഇന്നും അവ്യൂൽപന്നരായ ജനങ്ങളാണു് പ്രസ്തുത കൃതികളെ കൂടുതൽ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. വൃത്തഗന്ധം പോലുമില്ലാത്ത അവർ ഇവയെ ഞെക്കി ഞെരുക്കുകയോ വലിച്ചുകീറുകയോ എന്തൊക്കെയോ ആണു ചെയ്യുന്നതെന്നു് ഒരു രൂപവുമില്ല. ആ വഴിക്കും പ്രസ്തുത കൃതികൾ വളരെയധികം ദൂഷിതമായിട്ടുണ്ട്. അനേകം പണ്ഡിതന്മാരുടെ അനേകം പ്രാവശ്യത്തെ പരിശോധനയോടുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള എഴുത്തച്ഛൻകൃതികളിൽപ്പോലും ഇന്നും ചില വൈകല്യങ്ങൾ കണ്ടുവരുന്ന സ്ഥിതിക്കു്, ആവക യാതൊരു സൗഭാഗ്യങ്ങളും സിദ്ധിച്ചിട്ടില്ലാത്തതെന്നു മാത്രമല്ല, മേല്പറഞ്ഞ ദൗർഭാഗ്യങ്ങളൊക്കെ നേരിടുകയും ചെയ്തുകഴിഞ്ഞിട്ടുള്ള പ്രസ്തുത കൃതികളിൽ, ചില ന്യൂനതകൾ സംഭവിച്ചുകാണുന്നുണ്ടെങ്കിൽ അതിൽ അത്ഭുതപ്പെടുവാനൊന്നുമില്ല.