പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

പുത്തൻപാന: അർണ്ണോസുപാതിരിയുടെ കൃതികളിൽ ഉയർന്നുനില്ക്കുന്നതു
പുത്തൻപാനയാണെന്നു തോന്നുന്നു. കവി, എഴുത്തച്ഛൻ, പൂന്താനം എന്നിവരെ അനുകരിച്ചാണു സ്വകാവ്യങ്ങൾ നിർമ്മിച്ചിട്ടുള്ളതു്. പാന എന്ന പേർകൊണ്ട് പുത്തൻപാനയിൽ ദ്രുതകാകളി അഥവാ സർപ്പിണീവൃത്തമാണു കവി കൈക്കൊണ്ടിട്ടുള്ളതെന്നു സ്പഷ്ടമാണല്ലൊ. പൂന്താനത്തിൻ്റെ ജ്ഞാനപ്പാന കവിക്ക് ഇവിടെ പ്രേരണനല്കിയിട്ടുണ്ടെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പുത്തൻപാനയിൽ പതിന്നാലു പാദങ്ങൾ ഉൾക്കൊള്ളുന്നു. 12-ാം പാദം നതോന്നത എന്ന വഞ്ചിപ്പാട്ടുവൃത്തത്തിലാണ് എഴുതിയിട്ടുള്ളത്. ബാക്കി പാദങ്ങൾ മുഴുവൻ പാനവൃത്തം തന്നെ.

ബൈബിളിലെ ലോകസൃഷ്ടിമുതൽ ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണം വരെയുള്ള കഥയാണു് ഇതിലെ ഇതിവൃത്തം. വർണ്ണനകൾ പലതും ഹൃദ്യങ്ങളാണു്. ഓറോശലം ദേവാലയത്തിലേക്കു പുറപ്പെടുന്നതിനെ വർണ്ണിക്കുന്നതു നോക്കുക. മഹാപ്രഭാവനായ അദ്ദേഹം ‘തേരിലുമാനക്കഴുത്തിലുമല്ല’, ‘വീര്യമേറുമശ്വത്തിന്മേലുമല്ല’ എഴുന്നള്ളുന്നതു്; കേവലം നിസ്സാരജീവിയായ ഒരു കഴുതയൂടെ പുറത്തു കയറിയാണു്. ഈ ഘട്ടത്തിൽ കവിയുടെ ഭാവന എങ്ങനെ ഔന്നത്യം കലരുന്നുവെന്നു നോക്കുക:

സ്വർണ്ണം സുവർണ്ണം പങ്കത്തിലെങ്കിലും
വർജ്യം പങ്കുമപ്പൊന്നിലിരിക്കിലും.

കവി എത്ര വലിയ ആശയമാണ് ഈ രണ്ടു വരികളിൽക്കൂടി ഉദ്ഭാവനം ചെയ്യുന്നതെന്നും ആലോചിച്ചുനോക്കേണ്ടതാണു്. സ്വർണ്ണം ചളിയിൽ പതിച്ചാലും സുവർണ്ണംതന്നെ. ചളി സ്വർണ്ണത്തിലിരുന്നാലും ചളിതന്നെ. മഹാന്മാർ എളിയനിലയിൽ കഴിഞ്ഞുകൂടിയാലും സജ്ജനദൃഷ്ടിയിൽ അവർ മഹാന്മാർതന്നെ ആയിരിക്കുമല്ലൊ. തേരിലോ ആനപ്പുറത്തോ എഴുന്നള്ളേണ്ടിയിരുന്ന യേശുവിൻ്റെ മഹത്വത്തെയാണല്ലോ ഇവിടെ വ്യഞ്ജിപ്പിക്കുന്നതു്. ഇതുപോലെ ഭാവമധുരങ്ങളായ പല ഭാ​ഗങ്ങൾ പുത്തൻപാനയിൽ കാണാവുന്നതാണ്.