പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

കരിശിൽ തൂങ്ങിക്കിടക്കുന്ന പുത്രൻ്റെ ‘സർവ്വപങ്കപ്പാടു കണ്ട്, ആ മാതൃഹൃദയം സങ്കടപ്പെടുന്ന ഭാഗം ഏതു കഠിനചിത്തത്തേയും ഇളക്കുവാൻ പോരുന്ന ഒന്നുതന്നെ.

ചോരനെപ്പോലെ പിടിച്ചു ക്രൂരമായാക്കരം കെട്ടി
ധീരതയോടവർ നിന്നെയടിച്ചോ പുത്ര…!
പ്രാണനുള്ളേനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്മേൽ കെട്ടി നിന്നെയടിച്ചോ പുത്ര!….

എന്നു തുടങ്ങിയ ഭാഗങ്ങൾ നോക്കുക. ‘വ്യാകുലപ്രബന്ധം’ എന്നൊരു കൃതികൂടി പുത്തൻപാനയുടെ അനുബന്ധമായി അച്ചടിച്ചുകാണുന്നുണ്ട്. ത്രിഷ്ടുപ്പുഛന്ദസ്സിൽ എഴുതിയിട്ടുള്ള പ്രസ്തുത കൃതി, ദ്രാവിഡവൃത്തമോ സംസ്കൃതവൃത്തമോ എന്നുള്ള യാതൊരു ചിന്തയുമില്ലാതെയാണു് അച്ചുക്കൂടക്കാർ പ്രസിദ്ധപ്പെടുത്തിക്കാണുന്നതു്. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങളാണു് അതിൽ മിക്കവയും എന്നു തോന്നുന്നു. കവിത പൊതുവെ നന്നായിട്ടുണ്ട്. ആദ്യത്തെ ഒരു ശ്ലോകം മാത്രം ഉദ്ധരിക്കാം:

അനന്തദൈവം ഗുണസർവ്വമൂലം-മനുഷ്യവർഗ്ഗം പ്രതി മാർദ്ദവത്താൽ
പിറന്നു ദീനന്ധരയിൽ നടന്നു-നടത്തിവേദം ദുരിതം കളഞ്ഞു.