മഹാകാവ്യങ്ങൾ
പ്രാരംഭം: കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുറന്നിട്ട വിവർത്തനമാർഗ്ഗത്തിലൂടെ സംസ്കൃതത്തിലെ സാഹിത്യപ്രസ്ഥാനങ്ങളിൽ പലതും മലയാളത്തിലേക്കു കടന്നുതുടങ്ങിയ വസ്തുത മുന്നദ്ധ്യായത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. സംസ്കൃതത്തിലെ മഹത്തായ ഒരു കാവ്യപ്രസ്ഥാനമാണു് മഹാകാവ്യങ്ങൾ. കുമാരസംഭവം തുടങ്ങിയ മഹാകാവ്യങ്ങളുടെ വിവർത്തനങ്ങളെത്തുടർന്നു സ്വതന്ത്രങ്ങളായ ചില മഹാകാവ്യങ്ങളും ഇവിടെ ഉത്ഭവിച്ചുതുടങ്ങി. കാവ്യാദർശം, സാഹിത്യദർപ്പണം മുതലായ ആലങ്കാരികഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ള മഹാകാവ്യസ്വരൂപത്തെ പുരസ്ക്കരിച്ചാണ് ഈ മഹാകാവ്യങ്ങൾ ഇവിടെ ഉടലെടുത്തിട്ടുള്ളതു് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പ്രസ്തുത കൃതികളിൽ മുഖ്യമായവയെപ്പാറ്റി സംക്ഷിപ്തമായി ചിലതു പ്രസ്താവിക്കാം.
രാമചന്ദ്രവിലാസം: സംസ്കൃതാലങ്കാരികന്മാരുടെ ലക്ഷണമനുസരിച്ചു മലയാളത്തിൽ ഉണ്ടായ ഒന്നാമത്തെ മഹാകാവ്യമാണ് രാമചന്ദ്രവിലാസം. അഴകത്തു പത്മനാഭക്കുറുപ്പാണ് അതിൻ്റെ കർത്താവ്. കരുനാഗപ്പിള്ളി താലൂക്കിൽ ചവറയ്ക്കടുത്തുള്ള അഴകത്തു കുടുംബത്തിൽ 1044 കുംഭം 5-ാം തീയതി ജനിച്ച ഈ കവി, 1107-ാ മാണ്ടു തുലാം 20-ാംതീയതിവരെ ജീവിച്ചിരുന്നു. പ്രഭുശക്തി എന്ന ഖണ്ഡകാവ്യം, അനേകം സംസ്കൃത നാടകങ്ങളുടെ വിവർത്തനങ്ങൾ തുടങ്ങിയവ പത്മനാഭകുറുപ്പ് ചമച്ചിട്ടുണ്ടെങ്കിലും രാമചന്ദ്രവിലാസത്തോട് അനുബന്ധിച്ചാണു് അദ്ദേഹത്തിൻ്റെ പേർ പ്രസിദ്ധമായിട്ടുള്ളത്.
