പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

വേപ്പു കൊന്ന കിരിയാത്തു കാഞ്ഞിരം
കയ്പുകൊണ്ടിവയെ വെന്ന പായസം
ചിൽപ്പുമാനുടെ നിവേദ്യമല്ലയോ
തുപ്പുവാനരുതിറക്കുവാൻ പണി

എന്നിങ്ങനെ വിഷാന്നം ഭക്ഷിക്കക്കുമ്പോഴും ആ ശുദ്ധാത്മാവു വിചാരിച്ചുപോകുന്നു. എത്രകണ്ട് ഹൃദയഹാരികളാണ് ഈ ഭാഗങ്ങളെന്നു പറയേണ്ടതില്ലല്ലോ.

ഇതുപോലെതന്നെ വിശിഷ്ടങ്ങളായ അലങ്കാരങ്ങളും സരസങ്ങളായ അർത്ഥകല്പനകളും ഇതിൽ ധാരാളമുണ്ട്. കഥ നവീനവും, സംഭവബഹുലവുമായതുകൊണ്ടുകൂടിയായിരിക്കാം, വർണ്ണനകൾക്ക് ഇത്രയധികം സൗകര്യം സിദ്ധിച്ചതെന്നു് വിചാരിക്കേണ്ടിയിരിക്കുന്നു. പക്ഷേ, വർണ്ണനകളിൽ ചിലേടത്തു് അല്പം അമിതത്വം വന്നു പോകുന്നില്ലേ എന്നു ശങ്കയുണ്ട്. അതുപോലെതന്നെ മഹാകാവ്യ ലക്ഷണപൂർത്തിക്കുവേണ്ടി ചില വർണ്ണനകൾക്ക് അവസരമുണ്ടാക്കാൻ ചെയ്യുന്ന യത്നവും അഭിനന്ദനാർഹമല്ല. വിരഹാർത്തയായ കല്യാണിയെ കടൽക്കാററുകൊള്ളിക്കുവാൻ കടൽത്തീരത്തേക്കു കൊണ്ടുപോകുന്നതുതന്നെ അർണ്ണവവർണ്ണനയ്ക്കു വേണ്ടി മാത്രമാണെന്നു് അനായാസേന ആർക്കും ഗ്രഹിക്കാവുന്നതാണ്. സന്ദേശവർണ്ണനയിലും അല്പം അനൗചിത്യമില്ലാതില്ല. എന്നാൽ ഈവക ന്യൂനതകൾ ഗ്രന്ഥത്തിൻ്റെ ഗുണപൗഷ്ക്കല്യത്തിൽ മറഞ്ഞുപോകാൻ മാത്രമേയുള്ളു.