പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

മണിപ്രവാളഭാഷയുടെ പ്രയോഗവിഷയത്തിൽ പന്തളം, ഉളളൂർ, വള്ളത്തോൾ എന്നിവരുടെ കാവ്യങ്ങൾക്കു തമ്മിൽ വലിയ അന്തരം കാണുന്നില്ല. ഭാഷാപാകംകൊണ്ട് അർത്ഥഗ്രഹണവിഷയത്തിൽ സാധാരണക്കാർക്കു് അല്പം ക്ലേശം സഹിക്കേണ്ടവിധത്തിലാണു് മൂന്നു മഹാകാവ്യങ്ങളുടേയും പോക്ക്. അതായതു് അന്തർഗൂഢരസോദയമായ നാളികേരപാകമാണു് മൂന്നിലും മുഴച്ചുനില്ക്കുന്നതെന്നു താൽപര്യം.

ലോകലോചന രസായനായിതം
ശ്രീകരം ശിവദമിഷ്ടദായകം
ഏകമത്ഭുതമമേയവൈഭവം
നാകനാഥ വിധി ശംഭു ദുർല്ലഭം.

ഈ മട്ടിൽ മലയാളപ്രത്യയങ്ങളൊന്നുമില്ലാത്ത ചില ശ്ലോകങ്ങളും ഉമാകേരളത്തിൽ കാണാം. നേരേമറിച്ചു് തനിമലയാള പദങ്ങൾകൊണ്ടുള്ള പദ്യങ്ങളും ഇല്ലെന്നില്ല. പ്രാസവാദാനന്തരം നിർമ്മിതമായ ഈ കൃതിയിൽ സജാതീയദ്വിതീയാക്ഷരപ്രാസം നിയമേന അനുഷ്ഠിച്ചിരിക്കുന്നു. യമകം തുടങ്ങിയ മറ്റു ശബ്ദാലങ്കാരങ്ങൾക്കും ഇതിൽ കുറവില്ല ചുരുക്കത്തിൽ നാനാവിധഗുണങ്ങൾകൊണ്ട് ഉമാകേരളം, സംസ്കൃത മഹാകാവ്യങ്ങളിൽ ശ്രീഹർഷൻ്റെ നൈഷധീയചരിതം എന്നപോലെ, മലയാളത്തിലെ മഹാകാവ്യങ്ങളിൽ നടുനായകമായി വിലസുന്നു എന്നു തന്നെ പറയാം.