പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

നിലവിളി തുടങ്ങിനാർ സോദോമ്യരമ്പര-
ന്നതിവിവശമോടിനാരങ്ങുമിങ്ങും ശുചാ
ദഹനശമനത്തിനായ് വാപിയിൽ ചാടിയും
ഫലമണുവുമെന്നിയേ വെണ്ണീരടിഞ്ഞുപോയ്.

സാറയുടെ ഗർഭവർണ്ണനം, ‘ഗാഥ’യിലെ യശോദയുടെ ഗർഭവണ്ണനം അനുസ്മരിപ്പിക്കാൻ പോരുന്ന ഒന്നാണു്. എഴുത്തച്ഛനെപ്പോലെ തത്ത്വചിന്തകളെ കാവ്യരൂപത്തിൽ പ്രകാശിപ്പിക്കുവാനും കവി ഇതിൽ യത്നിച്ചിട്ടുണ്ടു്. വേദപ്രണയികളും സാഹിത്യപ്രേമികളുമായ ഏവർക്കും ഒന്നുപോലെ സ്വാന്തനിർവൃതിയെ നല്കുന്ന ഒരു ഉത്തമകൃതിയാണിതെന്നു നിസ്സംശയം പറയാം. പ്രമേയത്തിൻ്റെ പവിത്രതയും, പ്രതിപാദനത്തിൻ്റെ വിചിത്രതയും, ഈ കൃതിയെ ഉയർത്തിനിർത്തുന്ന രണ്ടു കനകത്തൂണുകളത്രെ.

ശ്രീചിത്രോദയം: 1111-ൽ കുമ്മനം ഗോവിന്ദപ്പിള്ള എഴുതി പ്രസിദ്ധപ്പെടുത്തിയ ഒരു മഹാകാവ്യമാണിത്. തിരുവിതാംകൂറിലെ ശ്രീചിത്തിരതിരുനാൾ മഹാരാജാവിൻ്റെ രാജ്യഭരണവൃത്താന്തമാണ് ഇതിലെ പ്രതിപാദ്യം. 33 സർഗ്ഗങ്ങളുള്ള ഈ കാവ്യത്തിൽ ആദ്യത്തെ 26 സർഗ്ഗങ്ങളും, വഞ്ചിരാജ്യത്തിൻ്റെ പൂർവ്വകാലചരിത്രങ്ങളാണു്. വൃത്തങ്ങളുടെ വൈവിദ്ധ്യം, സർഗ്ഗങ്ങളുടെ ആധിക്യം എന്നിവയെ പുരസ്ക്കരിച്ചു നോക്കിയാൽ ഇതു മലയാളത്തിലെ മറെറല്ലാ മഹാകാവ്യങ്ങളുടേയും മുന്നണിയിൽ നിലകൊള്ളുന്നുവെന്നു പറയാം. ത്രയോദശസർ​ഗ്​ഗത്തിൽനിന്നും ഒരു ശ്ലോകം ഇവിടെ ഉദ്ധരിക്കാം: