പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

പ്രാണൻപോയാൽതൃണ,മിവിടെ നാം ധർമ്മരക്ഷയ്ക്കുവേണ്ടി-
ക്കാണിക്കേണം കളരിവിരുതും ശൗര്യവും ധൈര്യപൂർവ്വം
ആണത്തത്തോടരികളെയരിഞ്ഞപ്പുറംതള്ളി വഞ്ചി-
ക്ഷോണീജൈത്രക്കൊടികളുയരെക്കെട്ടുവിൻ കൊട്ടിയാർപ്പിൻ!

ഇസ്രായേൽവംശം: മഹാകാവ്യങ്ങളുടെ കാലം കഴിഞ്ഞുപോയെന്നാണു ചിലർ വിചാരിച്ചുപോന്നതു്. 1952 ൽ പ്രവിത്താനം പി. എം. ദേവസ്യ പ്രസിദ്ധപ്പെടുത്തിയ ഇസ്രായേൽവംശം മഹാകാവ്യം ആ വിചാരം തെറ്റാണെന്നു തെളിയിച്ചിരിക്കുന്നു. ഉത്തമ മഹാകാവ്യങ്ങൾ ഇനിയും ഉണ്ടാകേണ്ടതുതന്നെ.

ഇസ്രായേൽവംശം ഒരു വംശാവലീചരിതമാണ്. അബ്രഹാമിൻ്റെ സന്തതികളിൽ കുലകൂടസ്ഥനായ യാക്കോബു മുതൽ ക്രിസ്തുവരെയുള്ള വിഭാഗത്തിൽപ്പെട്ടവരെല്ലാം ഇസ്രായേൽവംശത്തിൽ ഉൾപ്പെടുന്നു. എന്നാൽ 19 സർഗ്ഗങ്ങളുള്ള ഈ കാവ്യത്തിൽ യാക്കോബിൻ്റേയും യാക്കോബിൻ്റെ പുത്രന്മാരുടെയും ചരിത്രമേ പരാമർശിക്കപ്പെടുന്നുള്ളു. ആനുഷംഗികമായി യാക്കോബിൻ്റെ പിതാവായ ഇസഹാക്കിൻ്റെ ചരിത്രവും ഉൾപ്പെടുന്നു.