പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

മഹാപ്രസ്ഥാനം: ഇസ്രായേൽവംശത്തിനുശേഷം ഈ അടുത്തകാലത്തായി –1966 – ൽ ദേവസ്യാ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റൊരു മഹാകാവ്യമാണിത്. ഈജിപ്തിൽ കുടിയേറിപ്പാർത്ത ഇസ്രായേൽ വംശക്കാർ സ്വപ്രയത്നത്താൽ അന്നാട്ടിൽ ഉയർന്നുവന്നപ്പോൾ അസൂയാകലുഷിതരായിത്തീർന്ന നാട്ടുകാർ ഭരണാധിപനായ ഫറവോൻ എന്ന ദുഷ്ടരാജാവിൻ്റെ നിർദ്ദേശാനുസരണം അവരെ നാനാവിധ പീഡകൾ അനുഭവിപ്പിക്കുകയായി. ഒടുവിൽ ഗത്യന്തരമില്ലാതെ തങ്ങൾ നേടിയ സർവ്വസ്സ്വവും വിട്ടുപേക്ഷിച്ച് ആ ഇസ്രായേൽ ജനത മോശയുടെ നേതൃത്വത്തിൽ ജന്മദേശമായ കാനാൻ ദേശത്തേക്കു തിരിച്ചുപോരുകയായി. വളരെ വർഷങ്ങൾ നീണ്ടുനിന്ന ദൂരദീർഘമായ ആ മഹാപ്രയാണമാണ് ഇതിലെ ഇതിവൃത്തം. ബൈബിൾ പഴയനിയമത്തിൽ അടങ്ങിയിട്ടുള്ള പ്രസ്തുത കഥാഭാഗം 17 സർഗ്​ഗളിലായി മഹാപ്രസ്ഥാനത്തിൽ വർണ്ണിച്ചിരിക്കുന്നു മോശയും കൂട്ടുകാരും സീനാ ഗിരിനിരയ്ക്കടുത്തെത്തുമ്പോൾ ചെയ്യുന്ന വർണ്ണനയിൽന്നു് ഒന്നുരണ്ടു പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കാം:

കൊടിയ ലതകൾ വാനസ്പർശി വൻപാദപത്തിൻ-
മുടിമുതലടിയോളം നീണ്ടുതൂങ്ങുന്ന കണ്ടാൽ,
ഝടിതി മുകളിലേറി ദ്യോവിലെത്തുന്ന കോണി-
പ്പടിയുടെ പണിയാരോ ചെയ്കയാണെന്നു തോന്നും. (13-18)