മഹാകാവ്യങ്ങൾ
സംഗീതാത്മകമായ ശയ്യാഗുണം മാത്രമല്ല, സന്ദർഭോചിതമായ വർണ്ണനകളും ഈ മഹാകാവ്യത്തെ മനോഹരമാക്കിയിരിക്കുന്നു. ക്രിസ്തുദേവൻ്റെ സുദീർഘമായ ഒരു വർണ്ണന ഇതിൽ ഘടിപ്പിച്ചിട്ടുള്ളത് എടുത്തുപറയത്തക്ക ഒന്നാണു്. കവിയുടെ പദസ്വാധീനതയും ഭാവനയുമൊക്കെ അതിൽ പ്രകടമായി വിലസുന്നു. ലേഖന ദൈർഘ്യത്തെ ഭയന്നു് ആ ഭാഗം ഇവിടെ ഉദ്ധരിക്കുന്നില്ല. ‘ജറുശലേംപള്ളിയും മതിൽക്കെട്ടും’ വർണ്ണിക്കുന്നതിൽനിന്നും ഒരു ഭാഗം മാത്രം ഇവിടെ ഉദ്ധരിച്ചു കൊള്ളട്ടെ:
സോളമൻ പണിയിച്ച ദേവമന്ദിരത്തിൻ്റെ
സുന്ദരോത്തുംഗ നാനാവർണ്ണഗോപുരപാളി
ബാലഭാസ്ക്കരബിംബചെന്തളിർക്കുല തട്ടി
ചാലവേ സഹസ്രാർക്കപ്രതീതി ജനിപ്പിച്ചു
കരിങ്കല്ലിനേക്കാളും കാഠിന്യം കലർന്നുള്ള
കരളാർന്നവർപോലുമാ ദേവഗേഹം കണ്ടു
വർണ്ണിക്കാൻ വാക്കില്ലാതെ സംഭ്രാന്തമനസ്ക്കരായ്
നിന്നിട്ടുണ്ടാവാം നേരം പൊയ്പോയതറിയാതെ
മോടികൂടീടുമതിൻ കാന്തിയിൽ മിഴി മങ്ങി
ഘോടകാരൂഢന്മാരും നിർത്തിയിട്ടുണ്ടാം യാത്ര.
