പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

പ്രസ്തുത ദേവാലയത്തെത്തന്നെ മറ്റൊരിടത്തും മറ്റൊരു രൂപത്തിലും ഇതിൽ വർണ്ണിക്കാതിരുന്നിട്ടില്ല. ഇങ്ങനെ വൈവിദ്ധ്യവും വൈചിത്ര്യവും ചേർന്ന വർണ്ണന ഈ മഹാകാവ്യത്തിൻ്റെ ഒരു പ്രത്യേകതയാണ്.

മാധവൻ്റെ മഹാകാവ്യം: ശ്രീകൃഷ്ണകഥയെ ഇതിവൃത്തമാക്കി മാടശ്ശേരി മാധവവാര്യർ എഴുതിയിട്ടുള്ള ഒരു കൃതിയാണിത്. മേല്പത്തൂരിൻ്റെ നാരായണീയംപോലെ ഈ കൃതി രണ്ടുവിധത്തിലും ‘മാധവൻ്റെ മഹാകാവ്യ’മാണെന്നു മുഖക്കുറിപ്പിൽ ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. പക്ഷേ, ‘ദ്വേധാ നാരായണീയം’; ‘ദ്വേധാ കേശവീയം’ എന്നൊക്കെ പറയാറുള്ളതുപോലെ ഇതു വായിക്കുന്ന ഒരുവൻ ഇതിനെ ‘ദ്വേധാ മാധവീയം’ എന്നു വിശേഷിപ്പിക്കുവാൻ മുതിരുമെന്നു തോന്നുന്നില്ല — കവിക്കു വളരെ ആഗ്രഹമുണ്ടെങ്കിലും.

പ്രസ്തുത മഹാകാവ്യത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആകെ 18 സർഗ്ഗങ്ങൾ. ഓരോ സർഗ്ഗത്തിനും അവാന്തരഖണ്ഡം, ഓരോ ഖണ്ഡത്തിനും ഗദ്യരൂപത്തിൽ അവതരണക്കുറിപ്പു്. സൗകര്യം പോലെ സംസ്കൃതവൃത്തവും ദ്രാവിഡവൃത്തവും. ഈ വിധത്തിലാണ് ഈ മഹാകാവ്യത്തിൻ്റെ രൂപശില്പം.