പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

പുരാണകഥയെ ഉപജീവിച്ച് ഇന്നും കാവ്യരചന ചെയ്യുന്നതിൽ തെറ്റില്ല. അഭിനവമായ അർത്ഥകല്പനകൾക്കു വഴിതെളിക്കുന്നതായാൽ അത്തരം കൃതികൾ കാലോചിതങ്ങളായിരിക്കുകയും ചെയ്യും. ശ്രീകൃഷ്ണ ചരിതം അതിനു പറ്റിയ പാകത്തിൽ വ്യാഖ്യാന സാദ്ധ്യതയുള്ളതാണുതാനും. എന്നാൽ ഇതിൽ അങ്ങനെയുള്ള യത്നങ്ങളൊന്നുമില്ല. ഏതെങ്കിലും സ്ഥലത്ത് അതിനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അതു വിപരീതഫലം പുറപ്പെടുവിച്ചിട്ടുമുണ്ട്. ‘മധുവിധു’വിനു മുതിരുന്ന രുഗ്മിണിക്കു കൃഷ്ണൻ നല്കുന്ന ഉപദേശങ്ങൾതന്നെ നോക്കുക. ആ സന്ദർഭത്തിൽ രുഗ്മിണിക്കെന്നല്ല, മറ്റാർക്കും തന്നെ മനസ്സിലാക്കാൻ കഴിയാത്ത ശുശ്കവും തിക്തവുമായ കുറെ തത്ത്വപടലങ്ങൾ. ഔചിത്യരാഹിത്യം ഇതുപോലെ ഇതരഭാഗങ്ങളിലും കാണാം. സംസ്കൃതവൃത്തവും ദ്രാവിഡവൃത്തവും കവി ഇതിൽ പ്രയോഗിച്ചിട്ടുണ്ടെന്നു മുമ്പു പറഞ്ഞുവല്ലൊ. രുഗ്മിണിയെ ഒരവസരത്തിൽ യശോദയും ദേവകിയും ആശ്വസിപ്പിക്കുന്നത്ഓട്ടൻതുള്ളലിലാണു്. കവിയുടെ ഔചിത്യരാഹിത്യം ഇവിടെയും വ്യക്തമാണല്ലോ. അല്ലെങ്കിലെന്തിനു? മറ്റു മഹാകാവ്യങ്ങളിൽനിന്നു പലതരത്തിലും വിചിത്രമാണല്ലോ ഈ കൃതിതന്നെ.

ജീവിതം, രോഗബാധ എന്നിവയാൽ അസ്വസ്ഥനായിത്തീർന്ന കവി, ഗുരുവായൂരെത്തി ഭജനംനടത്തിയതിൻ്റെ ഫലമെന്നോണം തനിക്കനുഭവപ്പെട്ട സ്വാസ്ഥ്യത്തിൻ്റെ നന്ദിപ്രകാശനമായി ഉയിർക്കൊണ്ടതാണ്, ഈ കാവ്യത്തിലെ അന്ത്യഭാഗം. അതിൽ വിഷയവും വിഷയിയും തമ്മിലുള്ള അഭേദാവസ്ഥ പ്രകടമായിരിക്കുന്നതിനാൽ ആ കാവ്യഭാഗം ആകർഷകവുമാണു്. പിന്നീട് അതിൻ്റെ മുന്നിൽ മറ്റു ഭാഗങ്ങളെല്ലാം എഴുതിച്ചേർക്കുകയാണുണ്ടായതു്. അതു ഹൃദയത്തിൽനിന്നുണ്ടായ വികാരങ്ങളുടേതല്ല; ബുദ്ധിയിൽനിന്നുണ്ടായ വിചാരങ്ങളടേതു മാത്രവുമായിരുന്നു. അവിടെയാണു ഈ കുഴപ്പം നേരിട്ടത്. കവിയുടെ സർവ്വ തന്ത്രസ്വതന്ത്രത അതിനെ കുറച്ചുകൂടി സഹൃദയതിരസ്കരണത്തിനു പാത്രമാക്കുകയും ചെയ്തു. എങ്കിലും ഹൃദയസ്പർശിയായ രംഗങ്ങൾ അവിടവിടെ ഇതിൽ ഇല്ലെന്നു പറഞ്ഞുകൂടാ. കംസവധം കഴിഞ്ഞെത്തുന്ന കൃഷ്ണനെ ദേവകി ആദരിച്ചഭിനന്ദിക്കുന്നതും, മറ്റു ദേവിമാർ ആ അമ്മയുടെ കൃത്യങ്ങളിൽ സഹകരിക്കുന്നതും വർണ്ണിക്കുന്നതു നോക്കുക:

മകനെ നിന്നെ ഞാനൊന്നു–കുളിപ്പിച്ചൂട്ടിടട്ടെയോ?
പലനാളായ് കൊതിച്ചുള്ളോ–രാശ സാധിച്ചുതന്നു നീ
…………………………………………………………………………………………..
അമ്മ നോക്കിയനേരത്തു–വന്നു വേണ്ടവരൊക്കെയും
മുണ്ടെടുത്തു മഹാലക്ഷ്മി–കൈക്കൊണ്ടാളെണ്ണ പാർവ്വതി
താളിയുർവ്വശിതാനേന്തി–യിഞ്ചകീറി പുലോമജാ.

സി. ബി. കുമാർ ദീർഘമായ ഒരവതാരികകൊണ്ട് ഈ കൃതിയെ അലങ്കരിച്ചിട്ടുണ്ട്. കവിയുടെ ഭാഷയിൽ പറഞ്ഞാൽ ‘അഴകുള്ള കൈയ്ക്കു മികവുള്ള കങ്കണ’മാണിത്.