മഹാകാവ്യങ്ങൾ
പരീക്ഷണത്തീയിലെരിഞ്ഞു കാഞ്ചനം
വരിച്ചിടും മാറ്റതുപോലെയെന്നെയും
പരീക്ഷയുണ്ടാക്കി വിശുദ്ധയാക്കിയോ-
ർക്കൊരിക്കലും തിന്മ വരുത്തൊലാ ഭവാൻ
എന്നുള്ള രാജ്ഞിയുടെ – നായികയുടെ – അഭ്യർത്ഥനയനുസരിച്ചു് വദ്ധ്യനായ കുടില മന്ത്രിക്കു മാപ്പുനൽകി കാരാഗാരത്തിൽനിന്നു വിട്ടയയ്ക്കുകയാണു ചെയ്യുന്നതു്. ക്രൈസ്തവ ധർമ്മത്തിൻ്റെ മഹിമയെ പ്രകാശിപ്പിക്കുന്നതിനും, നായികയുടെ ഗുണോൽക്കർഷം തെളിച്ചുകാട്ടുന്നതിനും ഈ വ്യതിയാനം വളരെ സഹായിക്കുന്നുണ്ട്. ഇതുപോലെ മറ്റു പല ഭാഗങ്ങളുടേയും ഔചിത്യവിചാരം നിനയ്ക്കുമ്പോൾ പരിണതപ്രജ്ഞനായ ഒരു മഹാകവിയെ ഈ മഹാകാവ്യത്തിൽ ഉടനീളം തെളിഞ്ഞുകാണാം.
കവിയുടെ വർണ്ണനാരീതി പ്രകാശിപ്പിക്കുവാൻ ഒരു പദ്യം മാത്രം ഉദ്ധരിച്ചു കൊണ്ടു് ഈ ചിന്ത നിറുത്തട്ടെ. രാജഭടന്മാർ കാടിളക്കിത്തുടങ്ങിയപ്പോൾ കാട്ടുജന്തുക്കൾ കൊടുമുടികളിലേറിപ്പറ്റുവാനാഞ്ഞു പായുന്നതാണു സന്ദർഭം:
ചൊടിയൊടു ഭടരുന്നം ചെറ്റു തെറ്റാതെ വച്ചാ-
വെടികളുടലിലേറ്റുൾ ഭ്രാന്തിയിൽ ദന്തിജാലം
കൊടിയ മുറിവുപറ്റിപ്പാഞ്ഞുപോം പോക്കു കണ്ടാൽ
വടിവിൽ മലപറന്നാക്കാലമിക്കാലമോർക്കും.
