മഹാകാവ്യങ്ങൾ
മാർത്തോമ്മാ വിജയത്തിൽ 19 സർഗ്ഗങ്ങളും ഏകദേശം രണ്ടായിരത്തോളം പദ്യങ്ങളും അടങ്ങിയിരിക്കുന്നു. ക്രൈസ്തവധർമ്മത്തിൻ്റെയും ആദർശങ്ങളുടേയും പ്രചാരണമാണ് ഈ കാവ്യത്തിൻ്റെ ഉന്നതലക്ഷ്യം. അതു സാധിച്ചുകഴിയുന്നതോടുകൂടി നായകൻ രക്തസാക്ഷിയായി ഐഹികബന്ധം വിട്ടുപോകുകയും ചെയ്യുന്നു. നായകനെ ചുറ്റിപ്പറ്റി നില്ക്കുന്ന ഇതിലെ ഇതിവൃത്തത്തിൽ അവസരോചിതമായി ഒരു കാവ്യകൃത്തിനു ചെയ്യാവുന്ന വർണ്ണനകൾ എല്ലാം ചെയ്തിട്ടുമുണ്ട്. അതു് ശുദ്ധവും സരളവുമായ രീതിയിലും. മാർത്തോമ്മ ഹാബാനുമൊന്നിച്ച് കൊടുങ്ങല്ലൂരിൽ വന്നിറങ്ങുന്ന ദിവസമാണ് അവിടത്തെ രാജപുത്രിയുടെ വിവാഹം നടക്കുന്നത്.. അതിനാൽ നഗരവീഥി മുഴുവൻ മോടിപിടിപ്പിച്ചിരിക്കുകയാണ്.
നോക്കുന്നിടത്തെവിടെയും നവതോരണങ്ങൾ
നില്ക്കാതെ കാറ്റിലിളകുന്നു തരംഗതുല്യം
ദിക്കെട്ടിലും മധുരകോമളവാദ്യഘോഷം
ചൊല്ക്കൊണ്ട നാട്യനടനാദികളെന്നിതെല്ലാം.
ഇത്തരം കാഴ്ചകൾ, യതീന്ദ്രനെങ്കിലും കേരളത്തിൽ ആദ്യമായി കാലുകുത്തുന്ന ഒരു പാരദേശീയനിൽ അത്ഭുതാദിവികാരങ്ങൾ ഉയർത്താതിരിക്കുമോ? കവയിത്രിയുടെ വർണ്ണനാപാടവത്തെ പ്രദർശിപ്പിക്കാൻ സൂര്യാസ്തമനത്തെക്കുറിക്കുന്ന ഒരു ശ്ലോകംകൂടി ഉദ്ധരിച്ചുകൊള്ളട്ടെ:
പശ്ചിമാംബുധി വിരിച്ച പാടല- പട്ടിനുള്ളിലിളകിക്കളിക്കയോ
കൊച്ചുകുഞ്ഞു പുതയാടയെച്ചലി-
പ്പിച്ചുകൊണ്ടിളകിടും പ്രതീതിയിൽ.
എത്ര മനോഹരമായ വർണ്ണന! അനവധി അസ്തമനവർണ്ണനകൾ വായിച്ചിട്ടുള്ള ഒരു സഹൃദയനും നവ്യമായ ഒരനുഭൂതി ഈ വർണ്ണനയിൽ അനുഭവപ്പെടാതിരിക്കയില്ല.
