പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

ശ്രീ ഗാന്ധിചരിതം: ഗാന്ധിജിയുടെ ശൈശവം മുതൽ ബിർളാ മന്ദിരത്തിൽവച്ചുണ്ടായ ദുരന്തംവരെയുള്ള എല്ലാ പ്രധാനസംഭവങ്ങളേയും മുൻനിറുത്തി പ്രതിപാദിക്കുന്ന ഒരു മഹാകാവ്യമാണിതു്. 18 സർഗ്ഗങ്ങളിലായി 1200-ൽപ്പരം ശ്ലോകങ്ങൾ ഇതിലുൾപ്പെടുന്നു. കവിതാരംഗത്ത് അത്രയൊന്നും അറിയപ്പെടാതെ ഒരു ഗവണ്മെൻ്റ് ഉദ്യോഗസ്ഥനായി കഴിഞ്ഞിരുന്ന കെ. ചേന്നു (ബി.ഏ.) വാണു് * (റിട്ടയാർഡ് ഡെപ്യൂട്ടി കലക്ടരായിരുന്നു, കവിയായ കെ. ചേന്നു. അദ്ദേഹം 61-ാ മത്തെ വയസ്സിൽ മഞ്ചേരിയിലുള്ള വസതിയിൽ വച്ച് 1970 ജൂൺ 1-ാം തീയതി നിര്യാതനായി.) പ്രസ്തുത കൃതിയുടെ കർത്താവ്. മഹാകാവ്യകർത്താക്കൾ കാണിക്കുന്ന കസർത്തുകൾ ഒന്നും ഈ മഹാകാവ്യത്തിലില്ല. ഗാന്ധിജിയുടെ ജീവിതം പോലെ, ലളിതസുന്ദരമായ ഒരു ഭാഷാശൈലിയിൽ കാവ്യനിർമ്മാണം ചെയ്തിരിക്കയാണു്. ആദ്യത്തെ മംഗളാചരണപദ്യംതന്നെ നോക്കുക:

പരവശ, പരതന്ത്ര, ഭാരതാംബാ
പരഭരണക്കടലിങ്കലാണ്ടിരിക്കെ,
ത്വരയിലവരെയുദ്ധരിച്ചു, മോക്ഷ-
ക്കരയിലണച്ച മഹാത്മനെത്തൊഴുന്നേൻ.

ഇങ്ങനെ മനോഹരമായ ഒരു രീതിയാണ് ഇതിൽ ആദ്യന്തമുള്ളത്. കവനകലയിൽ പഴക്കവും തഴക്കവും വളരെയേറെ സിദ്ധിച്ച ഒരാളല്ല ചേന്നുവെങ്കിലും കവിതാലക്ഷ്മിയുടെ കടാക്ഷാഞ്ചലം അദ്ദേഹത്തിൽ വേണ്ടത്ര പതിഞ്ഞിട്ടുണ്ടെന്നുള്ളതിനും ഈ കൃതി തെളിവു നല്കുന്നു.