മഹാകാവ്യങ്ങൾ
ആര്യാമൃതം: അനേകം സ്വതന്ത്രകൃതികളും, ശാകുന്തളം, മേഘസന്ദേശം, ശുകസന്ദേശം മുതലായ വിവർത്തനങ്ങളും ചമച്ച് കൃതഹസ്തനായിത്തീർന്നിട്ടുള്ള മഠം പരമേശ്വരൻ നമ്പൂതിരിയാണ് ഈ മഹാകാവ്യത്തിൻ്റെ കർത്താവ്. മലയാള ഭാഷയിൽ ആദ്യമുണ്ടായ രാമചന്ദ്രവിലാസം മുതൽ ഇന്നുവരെ രണ്ടു ഡസനോളം സ്വതന്ത്രമഹാകാവ്യങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1971 ജൂലൈ മാസത്തിലാണ് ആര്യാമൃതം പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണുന്നതു്. അതിനു ശേഷം മറ്റേതെങ്കിലും ഒരു മഹാകാവ്യം പുറത്തുവന്നതായി ഈ ലേഖകൻ്റെ അറിവിൽപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക്, ആര്യാമൃതം മലയാളത്തിൽ ഇന്നുവരെ പ്രസിദ്ധീകൃതമായിട്ടുള്ള മഹാകാവ്യങ്ങളിൽ ഏറ്റവും ഒടുവിലത്തേതെന്നു പറയാ മെന്നുതന്നെ തോന്നുന്നു.
ശബരിമലശാസ്താവിനെസ്സംബന്ധിച്ച ഒരൈതിഹ്യമാണു് ആര്യാമൃതത്തിലെ ഇതിവൃത്തം. അതിനാൽ ഈ കൃതിക്ക് അയ്യപ്പചരിത്രമഹാകാവ്യം എന്നു പേർ പറയുന്നതിലും തെറ്റില്ല. ‘നഗരാർണ്ണവശൈലർത്തു ചന്ദ്രാർക്കോദയവർണ്ണനം’ എന്നു തുടങ്ങി ദണ്ഡി നിർവ്വചിച്ചിട്ടുള്ള മഹാകാവ്യലക്ഷണങ്ങൾ ഇതിൻ്റെ രചനയിൽ കവി സമ്പൂർണ്ണമായി ആദരിച്ചിരിക്കുന്നു. നൈഷധീയചരിതത്തെ അനുകരിച്ച്, സർഗ്ഗാന്തങ്ങളിൽ ആത്മാരാധനരൂപമായ ഓരോ പദ്യം ഇതിൽ പ്രത്യേകം എഴുതിച്ചേർത്തിരിക്കുന്നു എന്നുള്ളത് മലയാളത്തിൽ ഉടലെടുത്തിട്ടുള്ള മറ്റൊരു മഹാകാവ്യത്തിലും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകതയാണു്. ഉമാകേരളത്തിൽ ഉളളൂർ മഹാകവി ചെയ്തിട്ടുള്ള സന്ദേശകഥനംപോലെ ആര്യാമൃതത്തിൽ ഒരു സന്ദേശസർഗ്ഗം പ്രത്യേകം നിബന്ധിച്ചിട്ടുള്ളതും പ്രസ്താവയോഗ്യമാണു്. 30 സർഗ്ഗങ്ങളും 3600-ലധികം ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന ഈ മഹാകാവ്യം വടക്കുംകൂറിൻ്റെ ഉത്തരഭാരതം കഴിഞ്ഞാൽ, സർഗ്ഗങ്ങളുടേയും ശ്ലോകങ്ങളുടേയും സംഖ്യകൊണ്ടു മലയാളത്തിൽ ഉണ്ടായിട്ടുള്ള മഹാകാവ്യങ്ങളിൽ ഏറ്റവും മുന്നണിയിൽ നിൽക്കുന്ന ഒരു കൃതിയാണെന്നുകൂടി പറയേണ്ടതുണ്ട്.
