മഹാകാവ്യങ്ങൾ
വർണ്ണനകളാണല്ലോ മഹാകാവ്യത്തിൽ മുഖ്യമായിട്ടുള്ളതു്. ദണ്ഡി പ്രതിപാദിച്ചിട്ടുള്ള മഹാകാവ്യലക്ഷണത്തിൻ്റെ പൂർത്തിക്കുവേണ്ടി നമ്മുടെ മഹാകാവ്യകർത്താക്കളിൽ ചിലരെങ്കിലും നഗരാർണ്ണവശൈലാദിവർണ്ണനകൾക്കുവേണ്ടി നായികാ നായകന്മാരെ കൃത്രിമ മാർഗ്ഗത്തിൽ സഞ്ചരിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ആര്യാമൃത കർത്താവിനാകട്ടെ അത്തരം കൃത്രിമമാർഗ്ഗങ്ങളിലൊന്നും സഞ്ചരിക്കേണ്ടിവന്നിട്ടില്ല. സ്വാഭാവികമായിത്തന്നെ അത്തരം വർണ്ണനകൾക്കുള്ള സന്ദർഭങ്ങൾ ഇതിൽ സ്വയമേവ സുലഭമായിത്തന്നെ വന്നുചേർന്നിരിക്കുന്നു. കവി അത്തരം സന്ദർഭങ്ങൾ കാവ്യരസപോഷകമായവിധത്തിൽ ഇതിൽ സഫലമാക്കുകയും ചെയ്തിരിക്കുന്നു. വസ്തുനിർദ്ദേശത്തോടുകൂടിയാണ് കാവ്യാരംഭം:
ശ്രീവായ്ചെഴുന്നു, മലയാചലമാര്യദേവ–
ർക്കാവാസഭൂമി, ഹരിചന്ദനനന്ദനാഢ്യം
ജീവാതു ദിവ്യനദികൾക്കുരുവർഷഭാക്കായ്
ദ്യോവാം കിരീടമണിയും മണിസാനുപോലെ.
തുടർന്നു മലയപർവ്വതം, കേരളം മുതലായവയുടെ വർണ്ണനകളിലേക്കാണ് കവി പ്രവേശിക്കുന്നതു്. വർണ്ണനകൾ ഓരോന്നും ചേതോഹരങ്ങൾ എന്നേ പറയേണ്ടൂ. കേരളത്തെപ്പറ്റിയുള്ള വർണ്ണനയിൽ കേരളശബ്ദത്തിൻ്റെ ഉപപത്തിയെ കവി കല്പിക്കുന്നതിങ്ങനെയാണ്:
കേരങ്ങളൊത്തു രമണീയലക്ഷ്മി മൂന്നും
നീരന്ധ്രമായ് വിളയുമീയവനിക്കു പണ്ടേ
ആരംഭവർണ്ണമവയിൽ ക്രമമായെടുത്തു
പേരർത്ഥമോർത്തരുളി കേ-ര-ള-മെന്നു ലോകം.
