പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

ചിത്രയോഗം: സോമദേവൻ്റെ ‘കഥാസരിൽസാഗര’ത്തിലെ ഒരു കഥയെ ഇതിവൃത്തമാക്കി എഴുതിയിട്ടുള്ള ഒരു മഹാകാവ്യമാണ് വള്ളത്തോളിൻ്റെ ചിത്രയോഗം. നായികാനായകന്മാരെ മുൻനിറുത്തി താരാവലീ ചന്ദ്രസേനം എന്ന മറ്റൊരു നാമധേയംകൂടി കവി ഇതിനു നല്കിയിരിക്കുന്നു. 18 സർഗ്ഗങ്ങളുള്ള പ്രസ്തുത കാവ്യം 1086-ൽ എഴുതുവാൻ തുടങ്ങിയെങ്കിലും 1088-നു ശേഷമേ മഹാകവിക്കു പ്രസിദ്ധപ്പെടുത്തുവാൻ കഴിഞ്ഞുള്ളു. അന്യോപജീവിത്വം അധികമായതിനാൽ വള്ളത്തോളിൻ്റെ സ്വതന്ത്രത ഇതിൽ വേണ്ടത്ര ഇല്ലാതെയായിരിക്കുന്നു. എങ്കിലും ചമൽക്കാരജനകങ്ങളായ ചില വർണ്ണനകൾ ആർക്കും അവഗണിക്കുവാൻ സാധ്യമല്ല.

അടവിയതിലനല്പം വേരുറച്ചും, പഴക്കം
തടവിയുമളവില്ലാതുള്ള മാഹാത്മ്യമാർന്നും
സ്ഫുടതരബഹുശാഖാലംബി തുഷ്യദ്വിജേന്ദ്ര-
ച്ഛടയൊടു വിലസുന്നു വേദമട്ടായ് മരങ്ങൾ. (3-6)

മൃഗപതികൾ പിളർക്കും കുംഭികുംഭത്തിൽനിന്നാ
നഗവനഭുവി ചിന്നും നല്ല വെൺമുത്തു കണ്ടാൽ,

ഗഗനതലമുരുമ്മും വൻമരക്കൊമ്പുതട്ടി
പ്രഗളിതമുഡുജാലംതാനിതെന്നോർത്തു് പോകും. (3-13)

ഇങ്ങനെ അരണ്യവർണ്ണനയിലും മറ്റും ഉള്ള പദ്യങ്ങൾ ആരെയാണ് ആമോദിപ്പിക്കാത്തത്?