പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

വർണ്ണനകളിൽ പലതിലും കവിയുടെ അലങ്കാരപ്രയോഗചാതുരിയും ഭാവനാവിലാസവും പ്രകടമായിക്കാണാം. വീരമാണ് ഇതിലെ മുഖ്യരസമെങ്കിലും ശൃംഗാരം, ഹാസ്യം, അത്ഭുതം തുടങ്ങിയ ഇതരരസങ്ങളെ അംഗപദവിയിൽ ഔചിത്യപൂർവ്വം ഘടിപ്പിച്ചു ചെയ്തിട്ടുള്ള വർണ്ണനകൾ സഹൃദയശ്ലാഘ അർഹിക്കുന്നവയാണു്. ഉദാഹരണങ്ങൾ ഉദ്ധരിക്കുവാൻ മുതിരുന്നില്ല. കാവ്യാവസാനത്തിലുള്ള ‘ആത്മാരാധനം’ മാത്രം ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പു ചുരുക്കുന്നു.

ആര്യന്മാർക്കമൃതായ്ക്കഥാപുരുഷനാമാര്യന്നുമാ നായിക-
ക്കാര്യയ്ക്കും പരമാമൃതപ്രദവുമായ്ക്കാര്യം കലാശിക്കയാൽ
വീര്യം മുഖ്യരസംവിടാതെ പരമാശ്ചര്യങ്ങൾ കാണിക്കുമീ-
യാര്യൻതൻകഥ മൂന്നുമട്ടിലുമുദാഹാര്യം ‘സദാര്യാമൃതം’.

സെയ്തുമുഹമ്മദ്, പൊൻകുന്നം: പൊൻകുന്നം വർക്കിയെപ്പോലെ ദേശനാമത്തോടു ചേർന്നു പ്രസിദ്ധനായിട്ടുള്ള ഒരു സാഹിത്യകാരനാണു് പൊൻകുന്നം സെയ്തുമുഹമ്മദ്. ഭർത്തൃപരിത്യക്തയായ ശകുന്തള, സ്നേഹോപഹാരം, ഹൃദയപൂജ മുതലായി അനേകം കൃതികൾ ആദ്യഘട്ടങ്ങളിൽ എഴുതിയിരുന്നു. പിന്നീടു വളരെക്കാലത്തേക്കു് അദ്ദേഹം നിശ്ശബ്ദനായിത്തീരുകയാണുണ്ടായത്. ശബ്ദാർത്ഥ സുന്ദരമാണു മുഹമ്മദിൻ്റെ കൃതികൾ. അടുത്തകാലത്തായി ‘മാഹമ്മദ’യെന്ന ഒരു മഹാകാവ്യരചനയ്ക്കായി അദ്ദേഹം വീണ്ടും തൂലികാചാലനം ചെയ്യുകയുണ്ടായി. പ്രസ്തുത മഹാകാവ്യത്തിൻ്റെ ഒന്നാംഭാഗം മാത്രമേ ഇതിനകം പ്രസിദ്ധപ്പെടുത്തുവാൻ കഴിഞ്ഞിട്ടുള്ളു.