പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

നളോദയം: വിദ്വാൻ പി. ജി. നായർ എഴുതി 1977-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു മഹാകാവ്യമാണ് നളോദയം. മഹാഭാരതം വനപർവ്വത്തിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള നളോപാഖ്യാനമാണു്, ഇതിൻ്റെ അസ്തിവാരം. ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയാണു മഹാകാവ്യനിർമ്മിതിക്കു ഗ്രന്ഥകാരനെ പ്രേരിപ്പിച്ചതെന്നു കാണുന്നു. ഭാരതത്തിലും ആട്ടക്കഥയിലും ഇല്ലാത്ത ഒരു ഭാഗം മഹാകാവ്യത്തിൽ ഗ്രന്ഥകാരൻ കൂട്ടിച്ചേർത്തിട്ടുണ്ട്. കാട്ടാളനെ ശാപാഗ്നിയിൽ ദഹിപ്പിച്ച ദമയന്തി ആ ഘോരാരണ്യത്തിൽ ഒരിടത്തിരിക്കുമ്പോൾ തൻ്റെ ഭർത്താവായ കാട്ടാളൻ യഥാസമയം തിരിച്ചെത്തായ്കയാൽ അയാളെ അന്വേഷിച്ചു തീപ്പന്തവുമായി പുറപ്പെട്ട കാട്ടാളപത്നി — പുളിന്ദി — ദമയന്തിയെ കണ്ടുമുട്ടുന്നു. അവർ പരസ്പരം വിവരങ്ങൾ കൈമാറിയപ്പോൾ ഇരുവരും ദുഃഖിതരായിത്തീർന്നു. സാധ്വിയായ വേടനാരി കോപംപൂണ്ടു ദമയന്തിയോടു പകവീട്ടുന്നതിനൊരുങ്ങിയില്ലെന്നുള്ളത് അവളുടെ ഒരു ഗുണവിശേഷമാണ്.

‘ചാരിത്രത്തിൻശക്തി വേടത്തിയാൾക്കും
ചേരില്ലെന്നി’ല്ലെങ്കിലും പൗരകന്യേ!
ഭൂമിക്ലേശം ഞാൻ തരുന്നില്ല; വീണ്ടും
ചേരില്ലല്ലോ മാരിതൻ കാന്തനെങ്കൽ

എന്നു് അവൾ സ്വയം സമാധാനിക്കയും ദമയന്തിയെ സമാധാനിപ്പിക്കയുമാണു ചെയ്യുന്നതു്. പിന്നീട് ആ കാട്ടാളപത്നിയുടെ സഹായത്താൽ ദമയന്തി അടുത്തുള്ള ഒരു മഹർഷിയുടെ ആശ്രമത്തിൽ എത്തുകയും, അവിടെനിന്നു ലഭിച്ച ഉപദേശംവഴി സാർത്ഥസംഘത്തോടൊത്തു ചേദിരാജ്യത്ത് എത്തുകയും ചെയ്യുന്നു. കഥാഗതിയിൽ വരുത്തിയിട്ടുള്ള ഈ വ്യതിയാനം കാവ്യത്തിലെ ജീവനായ വിപ്രലംഭത്തിനും അതിനനുഗുണമായ ശോകരസത്തിനും ഒന്നുകൂടി മാറ്റു വർദ്ധിപ്പിക്കുവാൻ ഇടയാകുന്നുണ്ട്.