മഹാകാവ്യങ്ങൾ
ചന്ദ്രഗുപ്തവിജയം: മലയാളത്തിൽ മഹാകാവ്യങ്ങളുടെ ആരംഭകാലത്തുതന്നെ ഉടലെടുത്ത ഒരു കൃതിയാണു് ചന്ദ്രഗുപ്തവിജയം. ഒട്ടുവളരെ സൽക്കൃതികളുടെ കർത്താവും പണ്ഡിതപ്രകാണ്ഡവുമായ പൂഞ്ഞാറ്റിൽ രാമവർമ്മ വലിയരാജാവത്രേ പ്രസ്തുത കൃതിയുടെ നിർമ്മാതാവു്. കൊല്ലവർഷം 1090-ൽ വിരചിതമായ ഈ മഹാകാവ്യം ഇന്നേവരെ അച്ചടിപ്പിച്ചിട്ടില്ല എന്ന വസ്തുതയും ഈയവസരത്തിൽ വ്യക്തമാക്കിക്കൊള്ളട്ടെ. ചാണക്യസൂത്രം കിളിപ്പാട്ടിനെ ആധാരമാക്കിയാണ് ഈ കാവ്യം ചമച്ചിട്ടുള്ളത്. ഇതിൻ്റെ ഉത്ഭവത്തെപ്പറ്റി ഗ്രന്ഥകാരനിൽനിന്നു നേരിട്ടു കിട്ടിയ വാങ്മയം തന്നെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
“പഞ്ചതന്ത്രം വള്ളത്തോൾ മുതലായി നാലുപേർ മണിപ്രവാളരീതിയിൽ എഴുതിക്കണ്ടപ്പോൾ അതുപോലെ മൂന്നുനാലുപേരു കൂടി ചാണക്യസൂത്രം മണിപ്രവാളമാക്കണമെന്നു തോന്നി. മൂന്നുനാലുപേരുമായി ആലോപിച്ചു തീർച്ചയാക്കി. ആദ്യഭാഗം ഞാനെഴുതാമെന്നു പറഞ്ഞതനുസരിച്ചു നാലഞ്ചു സർഗ്ഗം ഞാനെഴുതിയ ശേഷം എഴുതാൻ മറ്റുള്ളവർ തയാറായില്ല. അതുകൊണ്ട് മഹാകാവ്യമാക്കാൻ നിശ്ചയിച്ചു. ചില പുരിവർണ്ണനകൾ മുതലായവ കൂട്ടിച്ചേർത്തു് ഒരു മഹാകാവ്യകോലം സൃഷ്ടിച്ചു.” കവി തൻ്റെ വിനയപ്രകടനം ഇവിടെ കാണിച്ചുവെങ്കിലും ഒരു മഹാകാവ്യകോലം സൃഷ്ടിക്കയല്ല, ഉത്തമമായ ഒരു മഹാകാവ്യം ചമയ്ക്കയാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നു് അതു പരിശോധിക്കുന്നവർക്കു ബോദ്ധ്യമാകാതിരിക്കയില്ല.
