മഹാകാവ്യങ്ങൾ
ദണ്ഡിയുടെ മഹാകാവ്യലക്ഷണത്തെ ഇതിൽ പൊതുവേ ആദരിച്ചിരിക്കയാണു്. 20 സർഗ്ഗങ്ങളുള്ള ഈ മഹാകാവ്യത്തിൽ വർണ്ണനകൾക്കാണ് പ്രാധാന്യം നല്കിയിട്ടുള്ളതു്. കവിയുടെ പ്രതിഭാവിലാസചതുരത ഓരോന്നിലും മികച്ചുനില്ക്കുന്നതു കാണാം. വർണ്ണനകൾക്കു പുറമേ രഥബന്ധം, പത്മബന്ധം, ധനുർബ്ബന്ധം, ശരബന്ധം, ഖഡ്ഗബന്ധം, ശൂലബന്ധം, ശക്തിബന്ധം എന്നിങ്ങനെയുള്ള പല കവിതാവൈഭവങ്ങളും ഇതിൽ പ്രകാശിപ്പിച്ചിരിക്കുന്നതു രസകരമായ ഒരു കാഴ്ചയാണു്. നമസ്ക്രിയാരൂപത്തിലാണു കാവ്യാരംഭം. അനന്തരം പാടലിപുത്രത്തിൻ്റെ വർണ്ണന ആരംഭിക്കുന്നു:
സുരനദിയുടെ വക്കത്തൂക്കനായുണ്ടു വാനോർ-
പുരമൊടു കിടയായിപ്പാടലീപുത്രമെന്നായ്
വരപുരമതു നേത്രാനന്ദമാർക്കും കൊടുക്കും
സുരപുരി തലതാഴ്ത്തുമ്മാറു സമ്പൽസമൃദ്ധം
എന്നിങ്ങനെ തുടങ്ങുന്ന വർണ്ണന കവിയുടെ ഭാവനാവിലാസത്തെ പ്രകാശിപ്പിക്കുവാൻ പോരുന്ന ഒന്നുതന്നെ. ഇതരവർണ്ണനകളും ഇതുപോലെ അഭിനന്ദനീയങ്ങളാണു്. വർണ്ണനകളിൽ അനർഗ്ഗളമായി കളിയാടുന്ന പദഗുംഫനം പുളകോൽഗമകാരിയെന്നേ പറയേണ്ടു. 20-ാം സർഗ്ഗം, 85-ാമത്തെ പദ്യം ചന്ദ്രബന്ധത്തിൽ നിർമ്മിച്ചിട്ടുള്ള ഒന്നത്രെ. ‘രാമവർമ്മ രാജാ കാവ്യകർത്താ പൂഞ്ഞാർ’ എന്നു് ഉദ്ധാരകമായുള്ള ആ പദ്യവും അതുപോലെയുള്ള മറ്റനേകം പദ്യങ്ങളും കവിയുടെ ശക്തിർന്നിപുണതാദികളെ വിളംബരം ചെയ്യുവാൻ പോരുന്നവതന്നെ.
കാമംപോലെ നിനച്ച കാര്യമഖിലം സാധിച്ചു സമ്മാന്യനായ്
ക്ഷേമം സ്വപ്രജകൾക്കനല്പമരുളിത്തൻമന്ത്രിയൊത്തങ്ങനെ,
സാമർത്ഥ്യത്തൊടു ‘നാളനേക’മശുഭംതട്ടാണ്ടു സൗഖ്യത്തൊടൊ–
ത്തോമൽക്ഷ്മാപതി ചന്ദ്രഗുപ്തനമലൻ കീർത്യാ ഭരിച്ചീടിനാൻ.
കാവ്യാവസാനത്തിലെ ഈ പദ്യത്തിൽ ‘നാളനേകമശുഭംതട്ടാണ്ടു്’ എന്ന പ്രയോഗത്താൽ 1090 ഇടവം എന്ന രചനാകാലംകൂടി കവി പ്രകാശിപ്പിച്ചിരിക്കുന്നു.
