മഹാകാവ്യങ്ങൾ
ഗുരുദേവകർണ്ണാമൃതം: ഗുരുകടാക്ഷം, വാസന്തികം, കനകതാര, ഭദ്രദീപം, ആര്യഗീത തുടങ്ങിയ കാവ്യസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളുമെഴുതി കൃതഹസ്തനായിത്തീർന്നിട്ടുള്ള ഒരു കവീന്ദ്രനാണ് കിളിമാനൂർ കേശവൻ. അദ്ദേഹം അടുത്തകാലത്തായി – 1981– ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു മഹാകാവ്യമാണ് ഗുരുദേവകർണ്ണാമൃതം. ഗുരുദേവൻ്റെ ജീവചരിത്രം, അപദാനങ്ങൾ, ദിവ്യോപദേശങ്ങൾ തുടങ്ങി ആ മഹാത്മാവിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട പലതും ഇതിൽ ഉള്ളടക്കിയിരിക്കുന്നു. പത്തു കാണ്ഡങ്ങളും ഒരു അനുബന്ധവും ഉൾപ്പെട്ടതാണു് പ്രസ്തുത മഹാകാവ്യം. രചന കിളിപ്പാട്ടുവൃത്തങ്ങളിലും.
മഹാകാവ്യങ്ങൾ വർണ്ണനാപ്രധാനങ്ങളാണല്ലോ. ഇതിലും വർണ്ണനകൾക്കു കുറവൊന്നുമില്ല. ഒന്നാം കാണ്ഡത്തിൽ ചെമ്പഴന്തിഗ്രാമം, കഥാപുരുഷൻ്റെ ഭവനം, ജനനം, ബാല്യജീവിതം തുടങ്ങിയവയെപ്പറ്റി ചെയ്തിട്ടുള്ള വർണ്ണനകൾ നോക്കുക. കഥാനായകൻ്റെ സൗഭ്രാത്രസന്ദേശം, സമുദായസമുദ്ധരണപരിപാടികൾ തുടങ്ങിയവയെ സമുചിതമായി പ്രകാശിപ്പിക്കുവാൻ കാവ്യകർത്താവിനു് സാധിച്ചിട്ടുണ്ട്. ആദ്യത്തെ ഒൻപതു കാണ്ഡങ്ങളിലായി ഗുരുവിൻ്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങൾ എല്ലാം വിവരിക്കുന്നു.
ഒൻപതാം കാണ്ഡത്തിൽ പലതരം വിഷയങ്ങളാണ് വിവരിക്കുന്നതും. അവയിൽ ഒന്നു് സർവ്വമതസമ്മേളനമാണു്. 1099 കുംഭത്തിൽ ശിവരാത്രിയോടനുബന്ധിച്ചു രണ്ടു ദിവസങ്ങളിലായി ആലുവാ അദ്വൈതാശ്രമത്തിൽവച്ചു നടത്തിയ സർവ്വമതസമ്മേളനം പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്നു. കേരളത്തിൽ മാത്രമല്ല, ഭാരതത്തിൽത്തന്നെ ആദ്യമായുണ്ടായ സർവ്വമതസമ്മേളനം അതായിരുന്നുവെന്നു തോന്നുന്നു.
വാദിക്കുവാനും ജയിക്കാനുമല്ലിതു
വേദിക്കുവാനുമറിയിപ്പതിന്നുമാം.
ഇതായിരുന്നു സമ്മേളനത്തിൻ്റെ മുദ്രാവാക്യം. ഗുരുസ്വാമിയുടെ സാന്നിദ്ധ്യത്തിലാണു് സമ്മേളനം ആരംഭിച്ചതു്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായ സദാശിവയ്യർ ആദ്ധ്യക്ഷ്യം വഹിച്ചു. സ്വാമി സത്യവ്രതൻ്റെ ഗംഭീരമായ സ്വാഗതപ്രസംഗത്തോടുകൂടി ആരംഭിച്ച ആ സമ്മേളനം-
