മഹാകാവ്യങ്ങൾ
രണ്ടു ദിവസങ്ങൾ നീണ്ടുനിന്നൂ പരം
മണ്ഡനമായ പ്രഭാഷണഘോഷങ്ങൾ.
പക്ഷേ, യഹൂദമതത്തെപ്പറ്റി അഡ്വക്കേറ്റ് ഏ. ബി. സേലം ചെയ്ത ആ സരസ പ്രസംഗം കാവ്യകാരൻ വിസ്മരിച്ചതു് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ല.* (പ്രസ്തുത സമ്മേളനങ്ങളിൽ ഒരു ശ്രോതാവിൻ്റെ നിലയിൽ ഈ ഗ്രന്ഥകാരനും സംബന്ധിച്ചിരുന്നു.)
ടാഗോർ സന്ദർശനം, വൈക്കം സത്യഗ്രഹം, ഗാന്ധിജിയുടെ സന്ദർശനം മുതലായവയെപ്പറ്റി പ്രതിപാദിക്കുന്നതും ഈ ഒൻപതാംകാണ്ഡത്തിൽത്തന്നെ. പത്താംകാണ്ഡത്തിൽ തത്ത്വചിന്തകളാണടങ്ങിയിട്ടുള്ളത്. മഹാസമാധിയും അതിൽത്തന്നെ. അനുബന്ധമായി പതിനൊന്നാം കാണ്ഡവും ചേർത്തിരിക്കുന്നു. ഹൃദ്യമായ ഒരു കൃതിയാണ് ഗുരുദേവകർണ്ണാമൃതം എന്നുള്ളതിൽ സംശയമില്ല. ശ്രീ ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ അവതാരിക ഈ മഹാകാവ്യത്തിൻ്റെ മാറ്റു വർദ്ധിപ്പിക്കുവാൻ സർവ്വപ്രകാരേണയും പോരുന്ന ഒന്നുതന്നെ.
ക്രിസ്തുചരിതം: ഘടദീപം പോലെ കഴിഞ്ഞുകൂടുന്ന പ്രതിഭാപ്രഭാവനായ ഒരു കവിയാണ് ഇറയാറന്മുള കെ. എം. വറുഗീസ്. അദ്ദേഹത്താൽ വിരചിതമായ ഒരു മഹാകാവ്യമാണു ക്രിസ്തുചരിതം. പ്രതിപാദ്യവിഷയം പ്രസിദ്ധമാണല്ലോ. അത് അനേകം കാണ്ഡങ്ങളായും, ഓരോ കാണ്ഡവും അനേകം പടലങ്ങളായും വിഭജിച്ച് ഗാനാത്മകമായ ദ്രാവിഡവൃത്തങ്ങളിൽ വിലേഖനം ചെയ്തിരിക്കുന്നു. പല രംഗങ്ങളും ഭാവോജ്ജ്വലങ്ങളും നിർവൃതിദായകങ്ങളുമാണു്. മനോജ്ഞമായ ഈ മഹാകാവ്യം ഇനിയും അപ്രകാശിതമാണെന്നറിയുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പൊരിക്കൽ കൈയെഴുത്തുപ്രതി വായിക്കുവാനിടയായതിൻ്റെ ഓർമ്മയിൽനിന്നാണു് ഈ ഗ്രന്ഥകാരൻ ഈ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പ്രസ്തുത മഹാകാവ്യത്തിലെ ഭാവപ്രകാശകമായ നല്ലൊരു രംഗം സാഹിത്യഅക്കാദമിയുടെ ആഭിമുഖ്യത്തിൽ ശൂരനാട്ടു കുഞ്ഞൻപിള്ള പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘കാവ്യരത്നാകര’ത്തിൽ ഉദ്ധരിച്ചിട്ടുണ്ടെന്നുള്ള വസ്തുതയും ഈയവസരത്തിൽ പ്രസ്താവയോഗ്യമാകുന്നു.
ചന്ദ്രഗുപ്തവിജയം, ക്രിസ്തുചരിതം എന്നിവപോലെതന്നെ മറ്റു ചില മഹാകാവ്യങ്ങളും പ്രസിദ്ധപ്പെടുത്താതെ ചിലർ ഇനിയും സൂക്ഷിച്ചുവരുന്നുണ്ടെന്നു് അറിയുവാൻ കഴിഞ്ഞിട്ടുണ്ട്.
