പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

പാണ്ഡവോദയം: അസാമാന്യ പ്രതിഭാവിലാസ ചതുരനായിരുന്ന കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ്റെ ഒരു മഹാകാവ്യമാണിത്. സാവിത്രീമാഹാത്മ്യം, വഞ്ചീശവംശം, ഗോശ്രീശാദിത്യചരിതം, മലയാംകൊല്ലം ഇങ്ങനെ മറ്റു നാലു മഹാകാവ്യങ്ങൾകൂടി കൊച്ചുണ്ണിത്തമ്പുരാൻ നിർമ്മിച്ചിട്ടുണ്ട്. ഈ പഞ്ചമാഹാകാവ്യങ്ങളിൽ 1088-ൽ പ്രസിദ്ധപ്പെടുത്തിയ പാണ്ഡവോദയമാണു് മുന്നണിയിൽ നില്ക്കുന്നതെന്നു പറയാം. പാണ്ഡവന്മാരുടെ അജ്ഞാതവാസകാലം മുതൽ ഉത്തരാസ്വയംവരം വരെയുള്ള വിരാടപർവ്വകഥയാണ് ഇതിലെ പ്രതിപാദ്യം 22 സർ​ഗ്​ഗങ്ങൾ ഉൾക്കൊള്ളുന്ന ഈ മഹാകാവ്യത്തിലെ ഓരോ സർ​ഗ്​ഗവും മനോഹരമെന്നേ പറയേണ്ടതുള്ളു. തമ്പുരാൻ ചമയ്ക്കുന്ന പദ്യങ്ങളൊന്നും രണ്ടാമതു നോക്കി തിരുത്തുന്ന പതിവു് അദ്ദേഹത്തിനില്ല. അതുകൊണ്ടുള്ള ചില്ലറ വൈകല്യങ്ങൾ അദ്ദേഹത്തിൻ്റെ മറ്റു പല കൃതികളിലും സംഭവിച്ചിട്ടുണ്ട്. ഇതിലും ആ ന്യൂനത ഇല്ലെന്നില്ല. എങ്കിലും ‘കാളീകടാക്ഷഭ്രമരക്കളിപ്പുങ്കാവായ’ ആ കവിസാർവ്വഭൗമൻ്റെ അയത്നലളിതമായ കാവ്യവാണി ആരെയും രസിപ്പിക്കുന്നതുതന്നെയാണ്. ഗന്ധർവ്വഭീതിനിമിത്തം മാത്സ്യപുരവാസികൾക്കു നേരിട്ട വിഷമതകളെ വർണ്ണിക്കുന്ന 11-ാം സർ​ഗ്​ഗത്തിൽ കവിയുടെ സ്വതഃസിദ്ധമായ പരിഹാസവും മനോധർമ്മവും ധാരാളമായി ചൊരിഞ്ഞിരിക്കുന്നു. പ്രസ്തുത കൃതിയിൽനിന്നു് ഒരു പദ്യം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

മിന്നും തങ്കനിറം കലർന്നു വിലസും
പെൺപാമ്പിനെബ്ബാലകൻ
പൊന്നുമ്മാലയിതെന്നുറച്ചൂടനണി–
ഞ്ഞീടാൻ തുടങ്ങുന്നതും,
എന്നെ ദുർമ്മതിയായ നീ ഗൃഹിണിയാ–
ക്കാനായൊരുങ്ങുന്നതും
പിന്നെയ്തല്ക്കുടനെ ഫലം സദൃശമായ്
തന്നീടുമെന്നോർക്കണം.