പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

വഞ്ചീശവംശം: തിരുവിതാംകൂർരാജ്യം വാണിരുന്ന ശ്രീമൂലംതിരുനാൾ മഹാരാജാവിൻ്റെ ഷഷ്ടിപുർത്തി സ്മാരകമായി 1093-ൽ നിർമ്മിച്ച ഒരു മഹാകാവ്യമാണിതു്. 21 സർഗ്ഗങ്ങളുള്ള പ്രസ്തുത കാവ്യത്തിൽ ആദ്യത്തെ 14 സർഗ്ഗങ്ങളിൽ വഞ്ചീശവംശത്തിൻ്റെ പൂർവ്വകഥ സംഗ്രഹിച്ചിരിക്കുന്നു. 15-ാംസർഗ്ഗം മുതല്ക്കാണു മൂലംതിരുനാളിൻ്റെ കഥ ആരംഭിക്കുന്നതു്. അയത്നസിദ്ധമായ പ്രാസപ്രയോഗം, മണിപ്രവാളശുദ്ധി തുടങ്ങിയ ഗുണങ്ങൾ ഈ കാവ്യത്തിൽ കൂടുതൽ പ്രകാശിക്കുന്നു.

നിരാമയം ദക്ഷിണദിക്കിൽനിന്നിനി-
പ്പരാക്രമത്താൽ പരദേശി വൈരികൾ
ധരാതലേ മന്ത്രികുലേന്ദ്ര! മാമകേ
വരാതിരിപ്പാനൊരു കോട്ട കെട്ടണം.

പ്രതിപാദനം എത്ര അക്ലേശകരമായിരിക്കുന്നു.

ഗോശ്രീശാദിത്യചരിതം: മദിരാശിയിൽവെച്ചു തീപ്പെട്ട കൊച്ചി രാമവർമ്മ മഹാരാജാവിൻ്റെ ഷഷ്ടിപൂർത്തിസ്മാരകമായി രചിച്ച എട്ടു സർഗ്ഗങ്ങളുള്ള ഒരു കാവ്യമാണ് ഗോശ്രീശാദിത്യചരിതം. സാവിത്രീമാഹാത്മ്യത്തിൽ ഒൻപതു സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു.