മഹാകാവ്യങ്ങൾ
1926-ൽ പ്രസിദ്ധപ്പെടുത്തിയ ഈ മഹാകാവ്യത്തിൽ 24 സർഗ്ഗങ്ങളും 3700-ലധികം പദ്യങ്ങളും അടങ്ങിയിരിക്കുന്നു. മഹാഭാരതം പോലെ വിസ്‌തൃതമായ ബൈബിൾ കഥ മുഴുവൻ സമാഹരിച്ചു് എഴുതപ്പെട്ടിട്ടുള്ള ഈ മഹാകാവ്യത്തിൽ, മറ്റുള്ള മഹാകാവ്യങ്ങളിലെപ്പോലെ മാനം മുട്ടുന്ന വർണ്ണനകളും അലങ്കാരപ്രയോഗങ്ങളും മറ്റും വളരെ കുറഞ്ഞുപോയിട്ടുണ്ട്. സരസവും സന്ദർഭോചിതവുമായ കഥാകഥനത്തിൽ മാത്രമാണു് കവി അധികം ദൃഷ്ടിപതിപ്പിച്ചിട്ടുള്ളത്. അതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. എന്നാൽ സമയോചിതമായി ചെയ്യേണ്ട വർണ്ണനകളിൽ കവി പരാങ്മുഖനായിരുന്നിട്ടുമില്ല. ദൈവം ആദിമപിതാക്കൾക്കു നിർമ്മിച്ചു നല്കിയ ദിവ്യാരാമത്തെ –പറുദീസയെ – വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക:
പച്ചപ്പുല്ലണി പൂണ്ടേറ്റം–മെച്ചമായിടുമസ്ഥലം
പച്ചപ്പട്ടു വിരിച്ചോരു–മച്ചകം പോലെ മഞ്ജുളം
ഇടതുർന്നധികം കാന്തി–തടവും പത്രപംക്തിയാൽ
ഇടമൊക്കെ മറയ്ക്കുന്നു–വിടപിക്കൂട്ടമായതിൽ
നീരദശ്രീപെടും പത്ര–പൂരങ്ങളരുണാതപം
ചേരവേ ധൂമളപ്പട്ടിൻ–നീരന്ധ്രരുചിയേന്തീടും
ഗുണവും മണവും സ്വാദും – ഗണനീയാഭയും സമം
ഇണങ്ങും കായ്കളാൽ വൃക്ഷ – ഗണം മിന്നുന്നു നിസ്തുലം. *
* (ചെറിയാൻമാപ്പിള പാലായിൽ കട്ടക്കയത്ത് ഉലഹന്നാൻ്റെ സീമന്തപുത്രനായി 1034 കുംഭം 13-ാംതീയതി ജനിച്ചു. 1056 മുതൽ കവിത എഴുതിത്തുടങ്ങി, ‘നസ്രാണിദീപിക’, ‘മലയാളമനോരമ’ എന്നിവയായിരുന്നു പ്രധാന രംഗങ്ങൾ. യുദജീവേശ്വരി, വില്ലാൾവെട്ടം, സാറാവിവാഹം, കലാവതി എന്നീ രൂപകങ്ങൾ; ഒലിവേർവിജയം ആട്ടക്കഥ, മാർത്തോമ്മാചരിതം മണിപ്രവാളം ഇവയാണ് മറ്റു കൃതികൾ. 1112 വൃശ്ചികം 14-ാംതീയതി മഹാകവി യശശ്ശരീനായിത്തീർന്നു.)
