പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

കേശവീയം ഉത്‌പത്തി: മാഘൻ, ശ്രീഹർഷൻ തുടങ്ങിയവരുടെ മഹാകാവ്യങ്ങളിലെ ഉദ്ധതവും കൃത്രിമവുമായ ഒരു സാങ്കേതിക രീതിയെ അവലംബിച്ചു കൊണ്ടാണു് മലയാള കവികളും മഹാകാവ്യങ്ങൾ എഴുതിവന്നത്. ബാഹ്യമോടിയിലായിരുന്നു, അവരുടെ കൂടുതൽ ശ്രദ്ധ. തന്നിമിത്തം കവിതയുടെ ആന്തരമായ ശക്തിക്കു് ഉടവുതട്ടിത്തുടങ്ങി. ഈ സ്ഥിതിവിശേഷം കണ്ടറിഞ്ഞ കാവ്യചിന്തകന്മാരിൽ ഏ. ആർ. രാജരാജവർമ്മ തുടങ്ങിയ ചിലർ ആ പ്രവണതയെ എതിർക്കുവാൻ ആരംഭിച്ചു. ആ എതിർപ്പിൻ്റെ പ്രത്യക്ഷമായ ഒരു പ്രകടനമായിരുന്നു ദ്വിതീയാക്ഷരപ്രാസവാദം. പ്രാസവാദത്തിൻ്റെ അവസാനത്തിൽ, പ്രാസവിരുദ്ധ പ്രസ്ഥാനം അഥവാ രാജരാജവർമ്മപ്രസ്ഥാനം എന്നൊരു കാവ്യപദ്ധതി ഇവിടെ ഉടലെടുക്കുകയും ചെയ്തു. അടുത്തകാലത്തു് ഭാഷാസാഹിത്യത്തിലുണ്ടായ രൂപഭദ്രതാ വാദം ഈ ദ്വിതീയാക്ഷരപ്രാസത്തിൻ്റെ പ്രക്ഷീണമായ ഒരു അനുകരണം മാത്രമേ ആയിരുന്നുള്ളു. പ്രസ്തുത പ്രാസവാദത്തിൽ രാജരാജവർമ്മയുടെ വലംകൈയായി നിന്നു പ്രവർത്തിച്ച, കെ. സി. കേശവപിള്ള, രാജരാജവർമ്മപ്രസ്ഥാനത്തിൽ ചമച്ച ഒരു മഹാകാവ്യമാണു് കേശവീയം.

തദുപജ്ഞം മതം നവ്യം–സാമഞ്ജസ്യമനോഹരം
ഒരുക്കിയെന്നെയിക്കാവ്യരചനാസാഹസത്തിനായ്

എന്നു് ഒന്നാം സർഗ്ഗത്തിൻ്റെ ആരംഭത്തിൽ കവി ഈ വസ്തുത തുറന്നുപറയുന്നതു നോക്കുക.

കവിത: ഭാഗവതം ദശമസ്കന്ധത്തിലുള്ള സ്യമന്തക കഥയാണ് കേശവീയത്തിൻ്റെ ഇതിവൃത്തം. ഇതിൽ പന്ത്രണ്ടു സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. ഓരോ സർഗ്ഗത്തിലേയും വർണ്ണനാരീതിക്കും വർണ്ണ്യവിഷയത്തിനും ധാരാളം വൈചിത്ര്യം വരുത്തിയിട്ടുണ്ട്. വ്യംഗ്യഭംഗി പലേടത്തും സ്പഷ്ടമായി കണാം. ഒന്നാം സർ​ഗ്​ഗത്തിൽ സത്യഭാമ ശ്രീകൃഷ്ണനോടു ചെയ്യുന്ന സങ്കടനിവേദനത്തിൽ ഒരു ഭാഗം നോക്കുക:

പുണ്യശാലിനി വൈദർഭി–ക്കന്നുദിച്ചോരു സങ്കടം
പോക്കിയെന്നല്ലവളെ നീ–വേൾക്കയും ചെയ്തതില്ലയോ?