പദ്യസാഹിത്യചരിത്രം. അനുബന്ധം

രണ്ടു സുപ്രസിദ്ധ ഗാനങ്ങൾ

മലയാളവിവർത്തനം:

തെല്ലാകിലും ഹൃദി ഭയം കലരാത്തതായും;
മൂർദ്ധാവുയർത്തി നടകൊൾവതിനർഹമായും ;
ജ്ഞാനം ലഭിപ്പതിനു സർവ്വജനത്തിനും താൻ
സ്വാതന്ത്ര്യമേററവുമണച്ചു വരുന്നതായും;
സ്വാർത്ഥക്കിടങ്ങുകൾ വളർന്നുലകം സമസ്ത-
മോരോരു കൊച്ചറകളായിരുളാത്തതായും;
വാക്കാകവേ വിപുലമായ് വിലസുന്ന സത്യ-
വാരാശിതന്നടിയിൽനിന്നുയരുന്നതായും;
അക്ഷീണമായിടവിടാത്ത പരിശ്രമങ്ങൾ
സമ്പൂർണ്ണതയ്ക്കു വഴിതേടി വരുന്നതായും;
ആലോചനാനദി നിരർത്ഥകപൂർവ്വരീതി-
യാകും മരുസ്ഥലമണഞ്ഞുഴലാത്തതായും;
മേന്മേൽ വിശാലതയിലെത്തിവരും വിചാര-
കർമ്മങ്ങളിൽത്തടവുമിട്ട മനസ്സശേഷം
വിശ്വൈകനാഥ! വഴിപോലെ ഭവാൻ്റെകൂടെ-
പ്പിൻനോക്കിടാതുപരിതന്നെ നടപ്പതായും;
ഈ മുൻപറഞ്ഞതഖിലം തികയുന്ന പൂർണ്ണ-
സ്വാതന്ത്ര്യവിണ്ണുലകിലെൻ ജഗദേകബന്ധോ!
എൻ നാടുണർന്നു ശുഭമേല്ക്കണമേ പിതാവേ!
മറെറാന്നുമില്ലടിയനങ്ങയൊടുള്ളപേക്ഷ. – (പി. ജി. രാമയ്യർ ബി. എ. ബി. എൽ.)

‘എവിടെ മനസ്സു നിർഭയമാകുന്നു; ശിരസ്സു സമുന്നതമാകുന്നു; ജ്ഞാനം സ്വതന്ത്രമാകുന്നു; വാക്കുകൾ സത്യത്തിൻ്റെ അഗാധതയിൽനിന്നു പുറപ്പെടുന്നു. അക്ഷീണമായ പരിശ്രമങ്ങൾ പരിപുർണ്ണതയെ ലക്ഷ്യമാക്കുന്നു, എവിടെ ബുദ്ധിയുടെ നിർമ്മലപ്രവാഹം അചേതനാചാരമണലാരണ്യത്തിൽ കടന്നു വഴിപിഴച്ചു നശിച്ചുപോകാതിരിക്കുന്നു; എവിടെ വിചാരവും പ്രവൃത്തിയും വിശാലമായിത്തീർന്നുകൊണ്ടിരിക്കുന്നു; അവിടെ ആ സ്വാതന്ത്ര്യസ്വർ​ഗ്​ഗത്തിലേക്ക്, ജഗൽ പിതാവെ! എൻ്റെ രാജ്യം ഉണരണമേ!’