പദ്യസാഹിത്യചരിത്രം. അനുബന്ധം

രണ്ടു സുപ്രസിദ്ധ ഗാനങ്ങൾ

മലയാളവി വർത്തനം:

ദൗർബല്യമെൻ്റെ ഹൃദയത്തിലിരിപ്പതെല്ലാം
വേരോടറുത്തു ജഗദീശ! കളഞ്ഞിടേണം;
സന്തോഷവും വ്യസനവും ലഘുവായ്‌വഹിപ്പാൻ
വേണ്ടുന്ന ശക്തി മമ നൽകണമേ പിതാവേ!
പ്രേമം പരോപകൃതിയായ ഫലാപ്തി പൂണ്ടു
വർത്തിക്കുവാൻ തരണമേ മമ ശക്തി നാഥ!
സർവേശ! നിർദ്ദനസഹോദരരെ ത്യജിപ്പാൻ
തോന്നാതിരിക്കണമെനിക്കൊരു നാളുമേതും
ധിക്കാരമോടു വലുതായധികാരമോടി
കാട്ടുന്ന ദുഷ്പ്രഭു ജനങ്ങടെ മുമ്പിലെത്തി
കുമ്പിട്ടുനിന്നവശനായി വിഷമിച്ചിടായ്വാൻ
വേണ്ടുന്ന ശക്തി മമ നല്കണമേ പിതാവേ!
നിസ്സാരസംഗതികൾ നിത്യവുമുള്ളതെല്ലാം
ദൂരീകരിച്ചുയരണേ മമ ചിത്തഹംസം,
എൻശക്തി ഭക്തിയൊടു നിൻ്റെ ഹിതത്തിനായ്ത്താ-
നർപ്പിക്കുവാനരുളണേ മമ ശക്തി നാഥ! – (പി. ജി. രാമയ്യർ)