പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

സ്വർഗ്യസമാഗമത്തിൽ,

തുഞ്ചനും കുഞ്ചനും വാര്യരുണ്ണായിയും
സഞ്ചിതാനന്ദരായ് സ്വർ​ഗ്ഗത്തിലേകദാ
ചഞ്ചലാക്ഷീജനം കാണാതൊരേടത്തു
കിഞ്ചിൽ സ്ഥിതിചെയ്തു ചൊന്നോരു വാർത്തകൾ
പ്ലാഞ്ചറ്റുമൂലം ഗ്രഹിച്ചതാലോചിച്ചു

കവി പ്രതിപാദിക്കുന്ന ഒരു നേരമ്പോക്ക് അടങ്ങിയിരിക്കുന്നു. തുഞ്ചൻ, കുഞ്ചൻ, ഉണ്ണായി മുതൽ പേരുടെ കവിതാരീതി നിശ്ചയമുള്ളവർ പ്രസ്തുതകൃതി വായിക്കുമ്പോൾ സാഹിത്യപഞ്ചാനനൻ്റെ അനുകരണവൈഭവത്തെ കൊണ്ടാടാതിരിക്കുകയില്ല. അത്രമേൽ തന്മയത്വമുള്ള ഒരു വിനോദ കവിതയാണതു്. പി. കെ.യുടെ പ്രൗഢരീതിയെ പ്രദർശിപ്പിക്കുവാൻ മാത്രമായി കിമപികാവ്യത്തിൽനിന്നു് രണ്ടു പദ്യംകൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

സ്വാപത്തിലും ഹൃദയമേ! ഭജ നീ പ്രസൂന-
ചാപാരിജാത, മഖിലാശ്രിതപാരിജാതം,
പ്രാപഞ്ചികപ്രകൃതിപോൽ മൃഗമർത്ത്യമിശ്ര-
രൂപം, ഗജാസ്യമഗജാസ്യരസപ്രദീപം!
മാമൂലുമുള്ളിലറിവിൻ കുറവും ചിലപ്പോൾ
ധീമൂടലും ഹൃദയവിക്രിയയും നിമിത്തം,
വ്യാമൂഢതാവശഗരായ് ഗുണദോഷഭാവം
നാമുർണ്ണനാഭവലപോലെ രചിച്ചിടുന്നു.