വിനോദകവനപ്രസ്ഥാനം
‘അഭിനവകാവ്യാദർശം’ നമ്പിയാരുടെ മറ്റൊരു ഹാസ്യകൃതിയാണ്. പ്രാചീന കവിസങ്കേതങ്ങളും മറ്റും പഴഞ്ചനെന്നു പഴിച്ചു പുതുമയുടെ പിന്നാലെ പായുന്ന പുത്തൻകൂറ്റുകാരെയാണ് അതിൽ പരിഹസിക്കുന്നത്. പ്രസ്തുത കൃതിയിലെ നാന്ദീശ്ലോകം – കൈരളീവന്ദനം – തന്നെ എത്രകണ്ടു രസികരസായനമായിരിക്കുന്നുവെന്നു നോക്കുക:
നാല്ക്കാലിവ്രജഭുക്തശാഡ്വലകചം, ലില്ലിപ്രഭം വാർമുഖം
ടെന്നീസ് കോർട്ടൊളിമാറിവണ്ണമഴകിൽ പൂമ്പട്ടണിസ്സോഫയിൽ
ശീമത്തൂമണിമേടമേൽ കുളിരിളം ഹാർമ്മോണിയം ചേർത്തു ഹാ!
സ്വാതന്ത്ര്യപ്പുകൾ പിഞ്ചുപാട്ടുകൾ പൊഴിക്കും കൈരളീം ഭാവയേ.
പത്രപ്രവർത്തനത്തിൻ്റെ അപചയനിലയെ അപഹസിക്കുവാൻ ‘അർപ്പുത സ്വാമി’ പുറപ്പെടുവിച്ചിട്ടുള്ള ഒരു സരസകൃതിയത്രേ ‘പത്രമീമാംസ’. അതിൽ പത്രഭാഷയെപ്പറ്റി പ്രതിപാദിക്കുന്നിടത്തെ ഏതാനും വരികൾ മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു:
പത്രഭാഷയ്ക്കു സാഹിത്യ–മത്രയ്ക്കൊന്നും ഭവിക്കൊലാ
ഭവിച്ചീടിലതിന്നും സം–ഭവിച്ചേക്കും പതിത്വവും
അപ്പപ്പോൾ തോന്നിടും ഭാഷ–യൊപ്പിക്കാം പത്രപംക്തിയിൽ
കോത ചൊല്ലുന്ന വാക്കൊക്കെ–ഗ്ഗീതമാണെന്ന ചൊല്ലുപോൽ
പത്രഭാഷയ്ക്കെഴും ശുദ്ധി– ‘രക്ഷക്കാർ’ നിർണ്ണയിക്കണം.
ഭേഷന്നവരുരച്ചീടും–ഭാഷയേ ഭാഷയായ് വരൂ.