പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

സീതാരാമൻ: ഹാസസാഹിത്യ പ്രസ്ഥാനത്തിൽ പ്രശസ്തനായ ഒരു വ്യക്തിയായിരുന്നു സീതാരാമൻ എന്ന പേരിൽ സുവിദിതനായ പി. ശ്രീധരൻപിള്ള. പാരഡി എഴുതുന്നതിൽ വിശേഷിച്ചും. ‘നിഴലും വെളിച്ചവു’മാണ് പ്രധാന കൃതി. ഹാസ്യാനുകരണങ്ങളാണു് ഇതിൽ അധികവുമെന്നു പറയാം. കവിത എന്നാൽ എന്തു്? എന്ന ചോദ്യത്തിനു് ഓരോ കവികളിൽനിന്നും ലഭിക്കാവുന്ന ഉത്തരങ്ങളാണ് താഴെ കുറിക്കുന്നത്:

മാറാപ്പേന്തിയ ഭിക്ഷുവിൻ്റെ ചുമലിൽത്തൂങ്ങുന്ന ഭാണ്ഡത്തിലും
പാറാക്കാരുടെ തോക്കിലും, പടിയടച്ചീടുന്ന കൈത്തണ്ടിലും,
കൂറാർന്നുണ്ണിയെ നോക്കിടും ജനനിതൻ നീളും മിഴിക്കോണിലും,
മാറാതങ്ങനെ കണ്ടിടുന്നു കവിതേ, നിൻ മഞ്ജുരൂപത്തെ ഞാൻ. (വള്ളത്തോൾ)

ഉല്ലേഖസമ്മിളിതമർത്ഥപവിത്രമേറ്റ–
മുല്ലാസദധ്വനി രസാദികളാൽ പ്രഫുല്ലം
കല്ലോലിതാശയചമൽകൃതിയുക്തമേവം
ചൊല്ലേത, തേ കവിത, സർവ്വമബദ്ധമന്യം. (വടക്കുംകൂർ)