പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

ആദിമാതാവു പാമ്പിൻ വാക്കുകേട്ടനാകുല–
മേദനാമുദ്യാനത്തിൽ വിലക്കപ്പെട്ട പഴം
തിന്നുപോയ്; അന്നാൾമുതൽ കവിതയുണ്ടായ് വന്നി–
തെന്നാലോ പറുദീസാ കൈവിട്ടുപോയീതാനും. (കട്ടക്കയം)

വള്ളത്തോൾ പ്രഭൃതികളുടെ കവിതാരീതി നിശ്ചയമുള്ളവരെ ഈ അനുകരണങ്ങൾ എത്രമേൽ ആമോദിപ്പിക്കുമെന്നു പറഞ്ഞറിയിക്കേണ്ടതില്ല. പ്രസ്തുത കൃതിയിലെ ‘അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ’, ‘കന്യാകുമാരിയിലെ സൂര്യോദയം’, ‘നോഹയുടെ കപ്പൽ’ എന്നിവ ഹാസ്യവിഡംബനത്തിനു് (Parodics) ഉത്തമനിദർശനങ്ങളാകുന്നു. ഓരോ കവിയുടെ ശൈലിയും ആശയഗതിയും അനുകരിക്കാൻ സാധിച്ചതാണു് ഇവിടത്തെ വിജയത്തിൻ്റെ രഹസ്യം. ഹാസ്യലഹരി, ഹാസ്യരേഖകൾ ഇവയാണു് മറ്റു സമാഹാരങ്ങൾ.

സീതാരാമനെപ്പോലെതന്നെ ഹാസ്യാനുകരണ കവിതകൾ ഭംഗിയായി അവതരിപ്പിക്കുന്നതിൽ മാധവജിയും അതിസമർത്ഥനാണു്. ‘സലാം സലാം’ എന്ന കൃതി അതിനു് ഒന്നാന്തരം തെളിവു നല്കുന്നു.