വിനോദകവനപ്രസ്ഥാനം
സഞ്ജയൻ: മഹാകവി വള്ളത്തോളിൻ്റെ കൊച്ചുസീതയെ അനുകരിച്ചു് ‘വിശ്വരൂപ’ത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ഹാസ്യകൃതിയാണു ‘കുഞ്ഞിമാത’. കൊച്ചുസീതയിലെ വരികൾ അനുസ്മരിക്കുന്നവർക്കു താഴെ ചേർക്കുന്ന ഭാഗങ്ങൾ അത്യന്തം ആഹ്ലാദപ്രദങ്ങളായിരിക്കും. ഒരു കാര്യം കൂടി അനുസ്മരിക്കേണ്ടതുണ്ട്: ഈശ്വരൻ കലയും സന്മാർഗ്ഗവും തൻ്റെനേർക്കു നീട്ടിക്കൊണ്ട് ഏതെങ്കിലും ഒന്നു മാത്രം സ്വീകരിക്കാൻ ആവശ്യപ്പെട്ടാൽ താൻ കലയെയായിരിക്കും കൈനീട്ടി വാങ്ങുക, എന്നു മഹാകവി ആയിടയ്ക്കു പ്രസ്താവിക്കുകയുണ്ടായി. പ്രസ്തുത സംഗതികൂടി മനസ്സിൽ വച്ചുകൊണ്ടുവേണം ഈ ഭാഗങ്ങൾ വായിക്കുവാൻ. കൊച്ചു
സീതയിൽ വൃദ്ധയെ വർണ്ണിച്ചിട്ടുള്ളതിനു പകരം, സഞ്ജയൻ വൃദ്ധനെ വർണ്ണിക്കുകയാണ്.
ബാലതൻ മാതുലനാകിയ വൃദ്ധനു–
ണ്ടാലസ്യമറ്റങ്ങടുത്തു പുല്പായയിൽ
ഭാവം പകർന്നു മലർന്നുകിടക്കുന്നു;
രാവണൻകെട്ടുവോൻ ചൊട്ടിക്കുപോലവേ.
ഇനി വേറൊരു രംഗം:
ഓഹോ, മഹാകേമമെൻ്റെ നാടേ; നിൻ്റെ
ദാഹത്തിനുള്ളിലും ‘മാനാഞ്ചിറ’ക്കുളം;
തേവടിച്ചെപ്പിലും ചാരിത്രകുങ്കുമം;
പ്ലാവിൻ്റെ മോളിലും ചോട്ടിലും ചക്കകൾ!…