വിനോദകവനപ്രസ്ഥാനം
പരിഹാസമെന്നാൽ ശകാരം മാത്രമ-
ല്ലൊരിക്കലുമതു മറക്കരുതാരും.
പരിഹാസപ്പുതുപ്പനിനീർച്ചെടിക്കെടോ
ചിരിയത്രേ പുഷ്പം; ശകാരം മുള്ളുതാൻ.
അതിൻ്റെ പൂവാണച്ചെടിക്കലങ്കാര-
മതിൻ്റെ മുള്ളല്ലെന്നറിഞ്ഞുകൊള്ളുക.*
*(സഞ്ജയൻ – തലശ്ശേരി മാടാവിൽ ചെറിയ കുഞ്ഞുരാമൻവൈദ്യരുടേയും. മാണിക്കോത്തു പാറുവമ്മയുടേയും പുത്രനായി 1903 ജൂൺ 13-ാം തീയതി ജനിച്ചു. മാണിക്കോത്തു രാമുണ്ണിനായർ, എം. ആർ. നായർ, പത്രപ്രവർത്തകനായപ്പോൾ പാറപ്പുറത്ത്, സഞ്ജയൻ, പി. എസ്. എന്നിങ്ങനെ പല തൂലികാനാമങ്ങൾ കൈക്കൊണ്ടു പ്രസിദ്ധനായിത്തീർന്നു. കോഴിക്കോട്ട് എം. സി. കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം, സഞ്ജയൻ, വിശ്വരൂപം എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്നു. സാഹിത്യനികഷം, അന്ത്യോപഹാരം എന്നിവയാണു് സഞ്ജയൻ്റെ മറ്റു കൃതികൾ. 1942 ഡിസംബർ 13-ാം തീയതി ഈ ഹാസരസികൻ അന്തരിച്ചു.)
‘മീശാൻ’ എന്ന പേരിൽ പ്രസിദ്ധനായ കെ.എസ്. കൃഷ്ണപിള്ള എഴുതിയിട്ടുള്ള ഏതാനും വിനോദകവനങ്ങളുടെ സമാഹാരമാണു് ‘പ്രതിച്ഛായകൾ’. പലതും നല്ല ഹാസ്യാനുകരണങ്ങൾതന്നെ. അതിലെ ‘എൻ്റെ പെൻഷൻ’, ശങ്കരക്കുറുപ്പിൻ്റെ ‘എൻ്റെ വേളി’യെ അനുകരിച്ചിട്ടുള്ളതാണു്. ‘വന്നടുത്തെന്നോ പെൻഷൻ! നാളെയോ പിടയായ്ക’ എന്നിങ്ങനെ പോകുന്നു അത്. വീരം, ഹാസ്യം മുതലായ ഭാവങ്ങളെ ആവിഷ്കരിക്കുന്ന ചില തുള്ളൽകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.